കോഴിക്കോട് : അനാഥരായ രോഗികളെ എങ്ങനെ പരിചരിക്കണമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മെഡിക്കൽ കോളേജ് എട്ടാം വാർഡിൽ ആശുപത്രി ജീവനക്കാർ മൂന്നുദിവസം കെട്ടിയിട്ട രോഗിയെ സന്ദര്‍ശിക്കവേയാണ് മന്ത്രി ഈ കാര്യം പങ്കുവെച്ചത്.
അനാഥനായ രോഗിയെ കെട്ടിയിടേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വീഴ്ചയുണ്ടായെങ്കിൽ നടപടിയുണ്ടാവുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജീവനക്കാർ രോഗികളോട് കരുണയോടും സഹാനുഭൂതിയോടും കൂടി മാത്രമേ പെരുമാറാവൂ എന്ന് മന്ത്രി താക്കിത് നല്‍കി.
Read also:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്ന് കൺട്രോൾ റൂം പോലീസാണ് നാലുദിവസം മുമ്പ് ശ്രീകാന്ത് എന്നു പേരുപറയുന്ന രോഗിയെ ആശുപത്രിയിലെത്തിച്ചത്. പനി ബാധിതനായിരുന്നു. മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റാനാവാത്ത സ്ഥിതിയായിരുന്നുവെന്നും അതിനാലാണ് കെട്ടിയിടേണ്ടി വന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു.
രോഗിക്ക് പ്രത്യേക പരിചരണവും ശുശ്രൂഷയും നല്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയതായി ഇപ്പോൾ ആശുപത്രി സൂപ്രണ്ടിന്റെ ചാർജ് വഹിക്കുന്ന ഡോ. സോമൻ അറിയിച്ചു. കാര്യങ്ങൾ വ്യക്തമായി പറയാനാവാത്ത സ്ഥിതിയിലാണ് രോഗി. എന്നാൽ, ബോധാവസ്ഥയിലാണ്. മൂന്നുദിവസം കൂടി രോഗിയെ ഇവിടെ നിരീക്ഷിച്ചതിനുശേഷം മാത്രമേ എങ്ങോട്ടെങ്കിലും മാറ്റുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Post Your Comments