ബെന്നി പി നായരമ്പലം എഴുതി ലാൽ ജോസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ചാന്തുപൊട്ട്. ജന്മനാ പെൺകുട്ടിയെ പോലെ വളർന്ന് വലുതായപ്പോഴും സ്ത്രൈണത വിട്ടുമാറാത്ത ഒരു യുവാവിന്റെ കഥ ഹാസ്യത്തിൽ ചാലിച്ച് പറഞ്ഞ ചിത്രമായിരുന്നു അത്. പക്ഷെ ഇപ്പോൾ ആ ചിത്രം രചിച്ചതിൽ ശരിക്കും മാനസിക വേദന അനുഭവിക്കുന്നുണ്ടെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം.
“ചാന്തുപൊട്ട് ഇറങ്ങിയ സമയത് വൻ വിജയമായിരുന്നു. പക്ഷെ പിന്നീട് അതിനു നേരെ ഒരുപാട് വിമർശനങ്ങൾ വന്നു. അത് ഒരുപാട് വേദനിപ്പിച്ചു. ആരെയും മനഃപൂർവം വേദനിപ്പിക്കാനോ ദ്രോഹിക്കാനോ വേണ്ടി എഴുതിയത് ആയിരുന്നില്ല ആ സിനിമ. ആ സിനിമ ഇങ്ങനെ വ്യഖാനിക്കപ്പെട്ടതിൽ ശരിക്കും വേദന അനുഭവിക്കുന്നുണ്ട്. പക്ഷെ എന്തൊക്കെ ആയാലും ദിലീപ് വളരെ നന്നായി തന്നെ ആ വേഷം കൈകാര്യം ചെയ്തു. മറ്റാർക്കും ഇത്ര പെർഫെക്ഷനിൽ ആ വേഷം ചെയ്യാൻ കഴിയില്ല.” ബെന്നി പറയുന്നു.
“ഛോട്ടാ മുംബൈയിൽ ഷകീലയെ കൊണ്ട് വന്നതും ഒരു പരീക്ഷണം ആണ്.അസാമാന്യ ധൈര്യം ഒക്കെ അതിനു വേണം എന്നും തോന്നിയില്ല. ഷകീലയെ അന്ന് വരെ നമ്മൾ കണ്ടത് ഒരു പ്രത്യേക തരം സിനിമയിൽ അങ്ങനത്തെ വേഷങ്ങൾ ചെയ്യുന്ന നടി ആയിട്ടാണ്.അവരെ അത്തരം ചിത്രങ്ങളില്‍ നിന്നു മാറി അധികം നമ്മള്‍ കണ്ടിട്ടേയില്ല. അപ്പോള്‍ നമ്മള്‍ അങ്ങിനെ അവതരിപ്പിക്കുമ്പോള്‍ അത് തീര്‍ത്തും ഒരു പുതുമ ആയിരിക്കും എന്നു കരുതി.” അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments