ആലപ്പുഴ: മഹാപ്രളയത്തിൽ തകർന്ന കുട്ടനാടിനെ തിരിച്ചു കൊണ്ട് വരാൻ നടത്തിയ മഹാശൂചീകരണ യജ്ഞം പൂർത്തിയായി. ഒരു ലക്ഷത്തിലധികം ആൾക്കാരാണ് ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്. 90 ശതമാനം ശുചീകരണവും പൂർത്തിയായി എന്ന് ജില്ല ഭരണകൂടം അറിയിച്ചു.
കൈനകരി ഒഴികെയുള്ള സ്ഥലങ്ങളിലെ ശുചീകരണം ആണ് പൂർത്തിയായത്. കുട്ടനാട്ടിൽ നിന്നും അമ്പതിനായിരം സന്നദ്ധപ്രവർത്തകർ, കുട്ടനാടിനു പുറത്ത് നിന്നും അയ്യായിരം പേർ, ജില്ലക്ക് പുറത്തു നിന്നും അയ്യായിരം പേർ എന്നിങ്ങനെയാണ് ശുചീകരണത്തിൽ പങ്കാളികളായ ആൾക്കാരുടെ കണക്ക്. വെള്ളം ഇറങ്ങാത്തതിനാൽ കൈനകരിയിൽ ഭാഗികമായി മാത്രമേ ശുചീകരണം നടന്നിട്ടുള്ളൂ.
സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിന് പുറമെ തദ്ദേശവാസികൾ നടത്തിയതും കൂട്ടിയാണ് 90 ശതമാനം എന്ന കണക്ക് ഭരണകൂടം നൽകിയത്. ഇന്നലെ വരെ 60,704 വീടുകൾ, 633 പൊതുസ്ഥാപനങ്ങൾ, 123 സ്കൂളുകൾ, 342 പൊതുസ്ഥലങ്ങൾ എന്നിവയാണ് വൃത്തിയാക്കിയത്.
ശുചീകരണ യജ്ഞത്തിൽ മന്ത്രിമാരായ തോമസ് ഐസക്, പി. തിലോത്തമൻ, സുനിൽകുമാർ, ജി. സുധാകരൻ എന്നിവരും പങ്കെടുത്തു. കൈനകരി ഒഴികെയുള്ള പഞ്ചായത്തുകാർക്ക് ഇന്ന് വീട്ടിലേക്ക് മടങ്ങാം. മറ്റുള്ളവർക്ക് ഇപ്പോൾ താമസിക്കുന്ന സ്കൂളുകളിൽ നിന്നും താമസിക്കാൻ പുതിയ സ്ഥലം കണ്ടെത്തി നൽകും.
Post Your Comments