KeralaLatest News

നവഭാരശില്പി അടൽ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മ നിമഞ്ജന യാത്രക്ക് തുടക്കമായി

കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങിയ യാത്ര 1ന് തിരുവനന്തപുരം തിരുവല്ലത്ത് സമാപിക്കും.

നവഭാരത ശില്പി അടൽ ബിഹാരി വാജ്‌പേയിയുടെ ഓർമ്മകൾ അലയടിച്ച ചടങ്ങിൽ അടൽജി ചിതാഭസ്മ നിമഞ്ജന യാത്രക്ക് കാസർകോട് തുടക്കമായി. ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള, ഒ രാജഗോപാൽ എംഎൽഎ, ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ്, മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പദ്മനാഭൻ എന്നിവരാണ് ചിതാഭസ്മവുമായി യാത്ര ചെയ്യുന്നത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങിയ യാത്ര 1ന് തിരുവനന്തപുരം തിരുവല്ലത്ത് സമാപിക്കും.

ഒരോ തീരുമാനവും എടുക്കുമ്പോഴും മാനവികതയ്ക്ക് ഊന്നൽ നല്കിയ ഭരണാധികാരിയായിരുന്നു അടൽജിയെന്ന് സി കെ പദ്മനാഭൻ അനുസ്മരിച്ചു. ഭാരതത്തിന്റെ സുവർണ കാലഘട്ടമായിരുന്നു വാജ്പേയി വിദേശകാര്യ മന്ത്രിയായിരുന്ന കാലമെന്ന മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പ്രസ്താവന വാജ്‌പേയിയുടെ ആദർശത്തിനുള്ള അംഗീകാരമായിരുന്നുവെന്ന് ഒ രാജഗോപാൽ എംഎൽഎ പറഞ്ഞു.

നിശിതമായി വിമർശിച്ച എതിരാളികളെപ്പോലും അനുയായികളാക്കിയ മാസ്മരിക വ്യക്തിത്വമായിരുന്നു വാജ്‌പേയിയുടേതെന്ന് അഡ്വ പി എസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു. കേരളത്തോട് എന്നും അനുഭാവ നിലപാട് സ്വീകരിച്ച നേതാവായിരുന്നു വാജ്പേയ്. അതേ നിലപാടാണ് നരേന്ദ്രമോദി സർക്കാരും പിന്തുടരുന്നത്. എന്നാൽ മാധ്യമങ്ങൾ ഇത് മറച്ചു വെച്ച് അപവാദ പ്രചാരണം നടത്തുകയാണ്.

വെള്ളപ്പൊക്കം ഉണ്ടായ ഉടനെ കേരളത്തിൽ എത്തിയ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് നൽകാത്ത പ്രാധാന്യമാണ് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിന് മാധ്യമങ്ങൾ നൽകുന്നത്. അതേസമയം പ്രളയ ബാധിത മേഖലകളിൽ സേവാഭാരതി നടത്തിയ സേവന പ്രവർത്തനങ്ങളെ മാധ്യമങ്ങൾ തമസ്കരിക്കുകയും ചെയ്തു. ഇത് മാധ്യമ ധർമ്മത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, കെ സുരേന്ദ്രൻ, എം ഗണേശൻ, കെ സുഭാഷ്, സംസ്ഥാന ഉപാധ്യക്ഷൻമാരായ പി എം വേലായുധൻ, കെ പി ശ്രീശൻ, പ്രമീള സി നായ്ക്, സംസ്ഥാന വക്താവ് ജെ ആർ പദ്മകുമാർ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ പ്രകാശ് ബാബു, പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി സുധീർ എന്നിവർ പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button