പത്തനംതിട്ട•ആര്‍.സി.സിയില്‍ നിന്നും ചികിത്സയ്ക്ക് ശേഷം ഏറെക്കൊതിച്ചാണ് അലീനക്കുട്ടി വീട്ടിലേക്കെത്തിയത്. സ്‌കൂളില്‍ പോകാനും കൂട്ടുകാരെക്കാണാനുമൊക്കെയുള്ള സന്തോഷത്തിലായിരുന്നു. പക്ഷെ, പതിനഞ്ചാംതീയതി വെള്ളം കയറി തങ്ങളുടെ വീടും വെള്ളത്തിലായപ്പോള്‍ പുസ്തകവുമായി പോകാനിരുന്ന കോഴഞ്ചേരി സെന്റ് മേരീസ് സ്‌കൂളിലേക്ക് അഭയാര്‍ത്ഥിയെ പോലെ അലീനയും കുടുംബവുമെത്തി. പുസ്തകമെല്ലാം വെള്ളത്തിലായി.
READ ALSO: പ്രളയബാധിത മേഖലകളിലേക്ക് ‘അമ്മ’ കുപ്പിവെള്ളവുമായി തമിഴ്‍നാട് സർക്കാർ
കീഴൂകര ആന്‍സ് ഭവന്‍ പള്ളിക്ക് സമീപം താമസിക്കുന്ന അലീന ഇടുപ്പെല്ലിന് കാന്‍സര്‍ ബാധിച്ച് മാര്‍ച്ച്് മുതല്‍ ആര്‍.സി.സിയില്‍ ചികിത്സയിലായിരുന്നു.. പതിനെട്ട് കീമോയാണ് ഇതുവരെ അലീനയ്ക്ക് ചെയ്തത്. ആദ്യകീമോയ്ക്ക് ശേഷം അരയുടെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. ഇത് വീണ്ടെടുക്കുന്നതിന് വേണ്ടി തിങ്കളാഴ്ച മുതല്‍ ഫിസിയോതെറാപ്പി ആരംഭിക്കാനിരിക്കെയാണ് വീട്ടില്‍ വെള്ളം കയറി ക്യാമ്പിലെത്തിയത്. ചികിത്സയ്ക്ക് വേണ്ടി എട്ട് ലക്ഷത്തോളം രൂപ ഇതുവരെ ചിലവായിട്ടുണ്ട്. അലീനയുടെ അച്ഛന്‍ സജി ഉന്തുവണ്ടിയില്‍ ബജ്ജി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിനുള്ളത്. അലീനയ്ക്ക് താഴെ രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട്. ഇപ്പോള്‍ വെള്ളം ഇറങ്ങിയെങ്കിലും വീട്ടില്‍ പോകാനാവാതെ കോഴഞ്ചേരി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ കഴിച്ചു കൂട്ടുകയാണ് ഇവര്‍. സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ വീട് വൃത്തിയാക്കുന്നുണ്ടെങ്കിലും ചെളി നിറഞ്ഞ വീട്ടിലേക്ക് രോഗം ബാധിച്ച കുഞ്ഞിനേയും കൊണ്ട് എങ്ങനെ പോകുമെന്നാണ് അമ്മ മേഴ്‌സിയുടെ ആശങ്ക. മൂന്ന് വര്‍ഷം മുന്‍പ് അഞ്ചരലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് വീട് വച്ചത്. ആ വീട് നശിച്ച കാഴ്ച ഈ കുടുംബത്തിനെ സംബന്ധിച്ചിടത്തോളം ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. ഇനിയും സര്‍ക്കാരിന്റെയും സുമനസുകളുടെയും സഹായമാണ് ഇവരുടെ പ്രതീക്ഷ.
Post Your Comments