തിരുവനന്തപുരം: പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വള്ളം മറിഞ്ഞ് പരിക്കേറ്റ മത്സ്യബന്ധനതൊഴിലാളിയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ആറാട്ടുപുഴ സ്വദേശി രത്‌ന കുമാറിന്റെ ചികിത്സാ ചെലവാണ് സര്‍ക്കാര്‍ വഹിക്കുക. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ നേരിട്ട് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ വള്ളം മറിഞ്ഞ്, കഴിഞ്ഞ 16നാണ് രത്‌ന കുമാറിന് പരിക്ക് പറ്റിയത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ സന്തോഷിനെയും ഭാര്യയെയും രക്ഷിക്കാന്‍ പോകുന്നതിനിടയില്‍, ശക്തമായ കുത്തൊഴുക്കില്‍പ്പെട്ട ഇയാളുടെ വള്ളം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒരു കവുങ്ങില്‍ തട്ടിയാണ് വള്ളം മറിഞ്ഞത്. തുടര്‍ന്ന് മുറിഞ്ഞ കവുങ്ങിന്‍ കഷ്ണം രത്‌നകുമാറിന്റെ വയറ്റില്‍ കുത്തിക്കയറി. വയറ്റിലും കാലിലും ഗുരുതരമായി പരിക്കേറ്റിട്ടും ഒപ്പം ഉള്ളവരെ ഇയാള്‍
രക്ഷിച്ചു.
ALSO READ:ലണ്ടനും പറയുന്നു കേരളത്തിലെ യഥാര്‍ത്ഥ ഹീറോസ് ഇവര്‍ തന്നെ
സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ ഇയാളുടെയും കുടുംബത്തിന്റയും ദുരവസ്ഥ പുറത്തു കൊണ്ടു വന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ രത്‌നകുമാറിന്റെ തുടര്‍ന്നുള്ള ചികിത്സാ ചെലവ് ഏറ്റെടുക്കുകയായിരുന്നു. ഇയാള്‍ക്ക് ആറുമാസത്തെ വിശ്രമം വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പരിക്ക് ഭേദമാകുന്നതുവരെയെങ്കിലും സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രത്‌ന കുമാറും കുടുംബവും.
Post Your Comments