മലയാളികളുടെ ദേശീയ ഉത്സവം ഇന്നാണെങ്കിലും മനസറിഞ്ഞ് ആ ഉത്സവം കൊണ്ടാടാന്‍ കഴിഞ്ഞുവോ? മനസലിവുള്ള ഒരു മലയാളിക്കും അതിന് സാധിക്കില്ല. കാരണം മഹാദുരന്തം നടന്ന് ദിവസങ്ങള്‍ക്കിപ്പുറം ഇത്തരത്തിലൊരു ആഘോഷം കൊണ്ടാടാന്‍ നമുക്ക് കഴിയില്ല. പ്രിയപ്പെട്ടവര്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിലും മറ്റ് സ്ഥലങ്ങളിലുമാണുള്ളത്. മാവേലി നാടുവാണീടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ, എന്നാല്‍ ആധുനിക മനുഷ്യരെ ഒരുമിപ്പിക്കാന്‍ ഒരു പ്രളയം വേണ്ടി വന്നു. വലിയവനെന്നോ ചെറിയവനെന്നോ മുസ്ലീമെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ, ഡോക്ടറെന്നോ രോഗിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് ഒരിടത്ത് കഴിഞ്ഞു.
ദേശവും ഭാഷയും ജാതിയും രാഷ്ട്രീയവുമെല്ലാം മറന്ന് പ്രളയകാലത്ത് അതിജീവനത്തിനായി ഏവരും ഒന്നിച്ചു നിന്നു. we shall covercome എന്നൊരു ഹാഷ്്ടാഗ് പോലും ഉണ്ടായി. മനുഷ്യരില്‍ അസമത്വങ്ങളും വേര്‍തിരിവുകളും ഇല്ലാതാകുന്നത് നാം ഈ പ്രളയകാലത്ത് കാണുകയുണ്ടായി. എന്നാല്‍ ഒരു പ്രളയം വേണമായിരുന്നു ഇത്തരത്തിലൊരു തിരിച്ചറിവിന് വേണ്ടി.
ഓണം പ്രമാണിച്ചുള്ള തിരക്കുകളും മറ്റ് വിനോദ പരിപാടികള്‍ക്കുമെല്ലാം ഇത്തവണ കോട്ടം തട്ടി. കച്ചവടക്കാര്‍ക്ക് വന്‍ നഷ്ടം സംഭവിച്ചു. ഇങ്ങനെ ഇത്തവണത്തെ ഓണം നിറം മങ്ങിയതായി തീര്‍ന്നു. കേരളജനതയെ അത്തരത്തില്‍ ഭീതിയിലാഴ്ത്തിയായിരുന്നു മഹാപ്രളയം കടന്നുപോയത്. പ്രളയം കേരളക്കരയെ വലിയ രീതിയില്‍ തന്നെ ബാധിച്ചപ്പോള്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന് ചിന്തിക്കാന്‍ ജനത തയ്യാറായിട്ടുണ്ടോ? മലയാറ്റൂര്‍ കോടനാട് പാലത്തില്‍ നിന്നും വെള്ളം ഇറങ്ങിയപ്പോള്‍ കണ്ട കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
നിറയെ കുപ്പികളും മാലിന്യങ്ങളും നിറഞ്ഞ പാലത്തിന്റെ അവസ്ഥയെ കുറിച്ച് ആളുകള്‍ കുറിപ്പുകളെഴുതി പോസ്റ്റിട്ടു. എന്നാല്‍ താനടങ്ങുന്ന ജനതയാണ് ഇതിന് പിന്നിലെന്ന് മനസിലാക്കിയിട്ടുണ്ടോ? സ്വന്തം വീടും പരിസരവും മാത്രം വൃത്തിയാക്കി, മാലിന്യങ്ങള്‍ പുഴയിലും റോഡരികിലും മറ്റ് സ്ഥലങ്ങളിലും നിക്ഷേപിക്കുമ്പോള്‍ എന്തുകൊണ്ട് ഇങ്ങനെയൊരു പോസ്റ്റിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല.
‘നിങ്ങള്‍ സിസിടിവി നിരീക്ഷണത്തിലാണ്’ എന്ന് ബോര്‍ഡ് തൂക്കിയിട്ടുണ്ടെങ്കിലും യാതൊരു കൂസലുമില്ലാതെ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന കാഴ്ചയും സാധാരണമാവുകയാണ്. നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി തനിക്ക് തോന്നുന്ന രീതിയിലേ താന്‍ ചെയ്യു എന്ന മനോഭാവത്തോടെയാണ് ജനങ്ങള്‍ മുന്നോട്ടുപോകുന്നത്. വികസനത്തിന്റെ പേരില്‍ നടത്തുന്ന കൊള്ളകള്‍, തീരം കൈയേറി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. തുടങ്ങി പ്രകൃതിയെ നശിപ്പിക്കാവുന്ന രീതിയിലെല്ലാം നശിപ്പിക്കുമ്പോള്‍ പ്രകൃതി തിരിച്ചടിക്കുമ്പോള്‍ എന്തുകൊണ്ട് അത് താങ്ങാനാവുന്നില്ല.
സ്വപ്‌ന തുല്യമായ ഓരോ വീടും കെട്ടിപ്പടുക്കുമ്പോള്‍, അല്ലെങ്കില്‍ ഓരോന്നും സ്വരുക്കൂട്ടുമ്പോള്‍ നാളെ ഇതു നഷ്ടപ്പെടും എന്നതിനെ കുറിച്ച് ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ? പണം കൈയിലുണ്ടെങ്കില്‍ എവിടെയും എന്തും ചെയ്യാമെന്നുള്ള രീതിയിലാണ് നാട് നീങ്ങുന്നത്. ഉദ്യോഗസ്ഥനെ കൂട്ടുപിടിച്ച്, രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് ഓരോന്നും നേടിയെടുക്കുമ്പോള്‍ പ്രകൃതി തന്ന തിരിച്ചടിയായിട്ട് വേണം ഈ പ്രളയ ദുരന്തത്തെ കാണാന്‍. ഇതൊരു മുന്നറിയിപ്പായി കാണാം.
Also Read: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി വ്യോമസേന
ഇതുവരെ സ്വന്തം കുടുംബാംഗങ്ങളെയല്ലാതെ മറ്റാര്‍ക്കു വേണ്ടിയും കാര്യമായി ഒന്നും ചെയ്യാതിരുന്ന ആളുകള്‍ പ്രളയം വന്നതോടെ മറ്റുള്ളവര്‍ക്കുവേണ്ടിയും എന്തെങ്കിലുമൊക്കെ ചെയ്തു. കേരളം ഇത്രയേറെ ഒരുമയോടെ നീങ്ങിയ മറ്റൊരു അവസരമില്ലെന്നു തന്നെ പറയാം. മനുഷ്യനന്മയുടെ പ്രഭ വിരിഞ്ഞ നിരവധി രംഗങ്ങള്‍ നമുക്ക് കാണാന്‍ സാധിച്ചു. പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ സഹോദരങ്ങള്‍ ജീവനുവേണ്ടി മല്ലടിച്ചപ്പോള്‍ ജനം ജാതി-മത-ഭേദമന്യേ പ്രവര്‍ത്തിച്ചു. ഓണത്തിന്റെ ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന സന്ദേശം ഇവിടെ പ്രാവര്‍ത്തികമാകുന്നത് നാം തിരിച്ചറിഞ്ഞു. ഇതുപോലെ മുന്നോട്ടുപോകാന്‍ സാധിക്കട്ടെ. അതിന് ഒരു പ്രളയം വരുന്നത് വരെ കാത്തിരിക്കാനിടവരാതിരിക്കട്ടെ. എല്ലാ ഓണവും മനസറിഞ്ഞും വയററിഞ്ഞും ഉണ്ണാനും കഴിയട്ടേ..
Also Read: മലയാളക്കരയിൽ വീണ്ടും ഒരു തിരുവോണമെത്തി: ആഘോഷങ്ങളില്ലാതെ ഇത്തവണ ഓണം.
Post Your Comments