ArticleKeralaLatest News

കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ; പ്രളയക്കെടുതിയും വിദേശ സഹായവും

ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുന്ന കാഴ്ചയാണ് ആദ്യ രംഗത്ത് കണ്ടതെങ്കിലും പിന്നീട് പുതിയ ചില വിവാദങ്ങളിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്‌

കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതി വിവാദങ്ങളുടേയും ചര്‍ച്ചകളുടേയും പാതയിലാണ്. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുന്ന കാഴ്ചയാണ് ആദ്യ രംഗത്ത് കണ്ടതെങ്കിലും പിന്നീട് പുതിയ ചില വിവാദങ്ങളിലൂടെയാണ് സംസ്ഥാനത്തെ പിടിച്ചുലച്ച ദുരന്തം കടന്നുപോകുന്നത്. 20000 കോടിയുടെ നഷ്ട കണക്കുകള്‍ വെളിപ്പെടുത്തിയ കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ 500 കോടി പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങളുടെ ചുരുളഴിയുന്നത്. സംസ്ഥാനത്തെ കടുത്ത പ്രളയ ദുരിതത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 500 കോടിയുടെ ഇടക്കാലാശ്വാസം. ദുരന്തം നേരിട്ട് വിലയിരുത്താന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി രാവിലെ മുഖ്യമന്ത്രി അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചത്. പ്രളയത്തില്‍ സംസ്ഥാനത്ത് 20,000 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അടിയന്തിരമായി 2000 കോടി അനുവദിക്കണമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രളയക്കെടുതി നേരിടുന്നതിന് നേരത്തെ 100 കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു. അതിനു പുറമെയാണ് 500 കോടി കൂടി ഇടക്കാലാശ്വാസമായി അനുവദിച്ചത്.

ഇതിനുപുറമെ രാജ്യത്തെ വിവിധിയിടങ്ങളില്‍ നിന്നും അടിയന്തിരമായ ഭക്ഷ്യധാന്യങ്ങളും, മറ്റ് അവശ്യസാധനങ്ങളും എത്തിച്ചു നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിക്കുകയുണ്ടായി. ഒപ്പം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും അനുവദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ 2000 കോടിയുടെ ആവശ്യമുന്നയിച്ച കേരളത്തോട് കേന്ദ്രം മുഖം തിരിച്ചുവെന്ന രീതിയില്‍ വിവാദങ്ങളുയര്‍ന്നു. ട്രോളുകളായും പോസ്റ്റുകളായും വാര്‍ത്തകളായും വിവാദം പെട്ടെന്ന് കൊഴുത്തു. ഇതിനിടെയാണ് യുഎഇ 700 കോടിയുടെ സഹായം കേരളത്തിന് വാഗ്ദാനം ചെയ്തുവെന്നും കേന്ദ്രം അത് നിരസിച്ചുവെന്നുമുള്ള രീതിയില്‍ പുതിയ വിവാദം ഉയര്‍ന്നത്. ഇതോടെ യുഎഇ ഭരണകൂടത്തിന് കേരളത്തിന്റെ അഭിനന്ദന പ്രവാഹം സോഷ്യല്‍ മീഡിയ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ഒഴുകിത്തുടങ്ങി.

എന്‍ഡിഎ സര്‍ക്കാരിനെതിരായ വികാരം രാജ്യത്തെങ്ങും ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രളയക്കെടുതിയെ രാഷ്ട്രീയവല്‍ക്കരിക്കുന്ന കാഴ്ച. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിന് കേരളത്തെ സഹായിക്കാന്‍ യുഎഇ ഭരണകൂടം 700 കോടി രൂപ തന്ന് സഹായിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 600 കോടിയേക്കാള്‍ 100 കോടി അധികം ലഭിക്കുമെന്നായപ്പോള്‍ കേന്ദ്രത്തെ തള്ളിപ്പറയുകയും യുഎഇ ഭരണകൂടത്തിന്റെ തീരുമാനത്തെ പ്രശംസിക്കാനും സംസ്ഥാന സര്‍ക്കാര്‍ യാതൊരു മടിയും കാണിച്ചില്ല. യുഇഎയെ കണ്ട് പഠിക്കാന്‍ കേന്ദ്രത്തെ സോഷ്യല്‍ മീഡിയ ഉപദേശിക്കുക വരെയുണ്ടായി. എന്നാല്‍ കേന്ദ്രത്തെ കളിയാക്കിയവര്‍ക്കെല്ലാമുള്ള മറുപടിയുമായി പുതിയ വാര്‍ത്തയെത്തുകയുണ്ടായി.

കേരളത്തിന് ദുരിതാശ്വാസമായി നല്‍കേണ്ട തുക സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന വ്യക്തമാക്കിയതോടെ മോദി സര്‍ക്കാരിനെ പരിഹസിച്ചവര്‍ അക്ഷരാര്‍ത്ഥത്തില്‍ നാണംകെടുകയുണ്ടായി. വോട്ടുബാങ്കിനായി പ്രളയക്കെടുതിയെന്ന മഹാദുരന്തത്തെ കരുവാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെ തള്ളിപ്പറഞ്ഞ് വിദേശ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കാഴ്ച സംസ്ഥാനത്തെ ഒന്നാകെ നാണംകെടുത്തുന്നതാണ്. കേരളത്തിന് യുഎഇ 700 കോടി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്.

എന്നാല്‍ വിദേശ സഹായം സ്വീകരിക്കാനാവില്ലെന്ന് കേന്ദ്രം നിലപാടും എടുത്തതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് കേരളത്തില്‍ നിന്നും ഉയര്‍ന്ന് വന്നത്. മലയാളികള്‍ കൂട്ടമായി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല ഇടുക വരെ ചെയ്തു. കേരളത്തിന് അര്‍ഹമായ സഹായം നല്‍കാതിരിക്കുകയും പുറത്ത് നിന്നുള്ള സഹായം തടയുകയും ചെയ്യുന്നതിന് പിന്നില്‍ കേന്ദ്രത്തിന്റെ പ്രതികാര ബുദ്ധിയാണെന്നുമുള്ള ആക്ഷേപം ഉയര്‍ന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടര്‍ന്നത് 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ദുരന്ത സഹായ നയമാണ്. 2004 ഡിസംബറില്‍ ഇന്ത്യയെ ദുരന്തമുഖത്താക്കി സുനാമി വലിയ നാശം വിതച്ചപ്പോള്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് വലിയ സഹായ വാഗ്ദാനങ്ങളാണ് എത്തിയിരുന്നു. എന്നാല്‍, അന്ന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പ്രശ്നങ്ങള്‍ ഇന്ത്യക്ക് തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ആവശ്യം വന്നാല്‍ മാത്രമേ വിദേശ സഹായം സ്വീകരിക്കുകയുള്ളുവെന്നും പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് അറിയിക്കുകയായിരുന്നു. 14 വര്‍ഷമായി ഈ നയം തന്നെയാണ് ഇന്ത്യ പിന്തുടരുന്നത്.

അതേസമയം യുഎഇയുടെ സഹായ പ്രഖ്യാപനം ഔദ്യോഗികമായി സ്ഥിരീകരിക്കുക പോലും ചെയ്യാതെ നടത്തിയ ഈ കോലാഹലങ്ങള്‍ വോട്ടുബാങ്ക് ലക്ഷ്യമാക്കിയല്ലാതെ മറ്റെന്താണെന്നാണ് ചോദിക്കാനുള്ളത്. മഹാദുരന്തത്തില്‍ നിന്നും മലയാളികള്‍ സാവാധാനം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരത്തില്‍ അനാവശ്യ വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നത്. ഒരു സമൂഹത്തെ അങ്ങനെ തന്നെ തിരിച്ചു കൊണ്ടുവരേണ്ട ആവശ്യമാണ് മുന്നിട്ട് നില്‍ക്കുന്നത്.

കോടികളുടെ കണക്കുകള്‍ നിരത്തി പരസ്പരം ചെളി വാരിയെറിയാതെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ജീവിതം കണ്‍മുന്‍പില്‍ നിന്ന് ഒലിച്ചു പോയപ്പോള്‍ വിറങ്ങലിച്ചു നിന്ന ജനതയോട് കുറച്ചുകൂടി നീതിയുക്തം പെരുമാറാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ മറ്റ് ഗൂഡലക്ഷ്യങ്ങളില്ലാതെ ഈ സമൂഹത്തോട് ഒപ്പം നില്‍ക്കേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button