ഒത്തൊരുമയുടെ, കള്ളവും ചതിയും ഇല്ലാത്ത മഹാബലി ഭരണകാല ഓര്‍മ്മകളുമായി വീണ്ടും ഒരു ഓണക്കാലം കൂടി… കുടുംബ സംഗമവും ആഘോഷങ്ങളും മാത്രമായി ഇപ്പോള്‍ ഓണം ചുരുങ്ങികഴിഞ്ഞു. സ്വന്തം ലോകത്തേയ്ക്ക് മാത്രം മാറിയ നമ്മള്‍ സത്യത്തില്‍ ഓണം ആഘോഷിക്കുന്നത് ഇത്തവണയാണ്.
ഒത്തൊരുമയുടെ, സ്നേഹത്തിന്റെ ഓണക്കാലമാണ് ഇത്. ശക്തമായ പേമാരിയും പ്രളയവും കാരണം കെടുതിയില്‍പ്പെട്ട കേരളം സാധാരണനിലയിലേയ്ക്ക് മാറിത്തുടങ്ങുകയാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട, ജീവനും ജീവിതവും കൈവിട്ട, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ നിലവിളികളെ കാണാതിരിക്കാന്‍ നമുക്ക് കഴിയില്ല. കേരളം ഒറ്റകെട്ടോടെ ഈ ദുരന്ത മുഖത്ത് രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങി. പത്തു ലക്ഷത്തില്‍ അധികം പേര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാമ്പുകളിലും മറ്റും കഴിയേണ്ടി വന്നു.
പ്രാണനെടുത്ത പ്രളയം കഴിഞ്ഞപ്പോള്‍ ബാക്കിയായത് വാരിപ്പിടിച്ചു പുതു ജീവനായി കേഴുകയാണ് പലരും. അവരെ കണ്ടില്ലെന്നു നടിച്ചു ആഘോഷങ്ങളില്‍ മുഴുകാന്‍ മലയാളികള്‍ക്ക് കഴിയില്ല. അതിന്റെ തെളിവാണ് ഈ ഓണത്തിനായി സ്വന്തം വീട്ടിലേയ്ക്ക് ആഘോഷങ്ങള്‍ ചുരുക്കാതെ പ്രളയക്കെടുതിയില്‍ ദുരിതമനുഭാവിക്കുന്നവര്‍ക്ക് സ്നേഹസമ്മാനവുമായി പലരും എത്തിയത്. ഭക്ഷണം, വസ്ത്രം തുടങ്ങി അവശ്യസാധനങ്ങളുമായി ക്യാമ്പുകളില്‍ പലരും നേരിട്ടേത്തി.
സ്വന്തം കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയല്ലാതെ വസ്ത്രങ്ങള്‍ വാങ്ങിയിട്ടില്ലാത്ത മലയാളി ഇപ്രാവശ്യം മറ്റുള്ളവർക്ക് വേണ്ടി എല്ലാം വാങ്ങി. ഉപ്പു മുതല്‍ കര്പ്പൂര്‍ വരെ.. മഴയില്‍ നനഞ്ഞു കുതിര്‍ന്നു എല്ലാം ഒലിച്ചു പോയപ്പോള്‍ കൈത്താങ്ങായി പലരും കൂടെ ചേര്‍ന്ന്. ജാതി മത വിവേചനങ്ങള്‍ ഒന്നുമില്ലാതെ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തു കൊണ്ട് മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നത് മാനവികതയുടെ മൂല്യത്തില്‍ നിന്നുകൊണ്ടാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സാധനങ്ങള്‍ വാങ്ങുന്ന ഓരോരുത്തരും ആഘോഷിക്കുന്നത് മാനവികതയുടെ ഉയർന്ന മൂല്യങ്ങളെ തന്നെയാണ്.
സ്വാര്‍ത്ഥതയും അഹങ്കാരവുമില്ലാതെ മലയാളികള്‍ സ്നേഹത്തിനും മനുഷത്വത്തിനും പ്രാധാന്യം നല്‍കികൊണ്ട് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. ജാതി മത വിവേചനങ്ങളില്ലാതെ എവിടെയും സ്നേഹത്തിന്റെ അലയൊലികള്‍ മാത്രം. മുതുക് ചവിട്ടു പടിയാക്കി കൊടുത്ത ജയ്സനും കാത്തു സൂക്ഷിച്ച തങ്ങളുടെ ചെറിയ സമ്പാദ്യം പോലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുത്ത കുരുന്നുകളും.. നന്മയുടെ പുതിയ പാഠങ്ങള്‍ നമ്മളെപ്പടിപ്പിച്ചു. അങ്ങനെ വീട്ടകങ്ങളിലെ ഒത്തുചേരല്‍ മാത്രമാകുകയും വളരെ ചുരുങ്ങിയ ബന്ധങ്ങള്‍ മാത്രം നിലനിര്‍ത്തുകയും ചെയ്ത മലയാളികള്‍ ഇന്ന് മാറിക്കഴിഞ്ഞു. സ്നേഹത്തിന്റെ പുതിയ മാറ്റങ്ങള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നു, വരും തലമുറയും ഈ നമയുടെ പാഠങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ രാഷ്ട്രീയ വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ ഇല്ലാത്ത പുത്തന്‍ നാളുകള്‍ ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഈ ഓണം നമുക്ക് ആഘോഷിക്കാം…
Post Your Comments