കണ്ണൂര്‍: കൊട്ടിയൂര്‍ നെല്ലിയോടി മലയിലും അമ്ബായത്തോട് മേല്‍മലയിലും മറ്റ് സമീപ മലകളിലും വിള്ളല്‍ അതിരൂക്ഷം. നെല്ലിയോടിയില്‍ 7 മീറ്റര്‍ വീതിയിലാണ് വിള്ളല്‍ വികസിച്ചിരിക്കുന്നത്. ദിവസം പ്രതി ഈ വിള്ളൽ കൂടിവരികയാണെന്നാണ് പ്രദേശ വാസികളുടെ സാക്ഷ്യം.ഇവിടെയുള്ള കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചിരിക്കുകയാണ്. പ്രളയ ഭീതി വിട്ട് മാറിയിട്ടും കൊട്ടിയൂര്‍ മലകളില്‍ അധിവസിക്കുന്നവര്‍ക്ക് തിരിച്ച് പോകാനാവാത്ത അവസ്ഥയാണുള്ളത്.
ജിയോളജിക്കല്‍ സര്‍വ്വേ അധികൃതര്‍ പരിശോധന നടത്തിയപ്പോള്‍ ഈ മലകളിലെ പാറയുമായി മണ്ണിന്റെ പിടുത്തം വിട്ട് പോയ അവസ്ഥയിലാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ ശക്തമായ മഴ പെയ്താല്‍ ഉരുള്‍ പൊട്ടലിന് സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ മണ്ണിടിച്ചലും സംഭവിച്ചേക്കാം. 35 ഡിഗ്രി ചെരിവിലാണ് നെല്ലിയോട് മലയുടെ കിടപ്പെന്നും ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും മഴ ശക്തമായാല്‍ മറ്റൊരു ഉരുള്‍ പൊട്ടല്‍ കൂടി സംഭവിച്ചേക്കാം. താഴേയുള്ള ജനവാസ കേന്ദ്രങ്ങളില്‍ എന്തും സംഭവിക്കാമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
വനത്തിനകത്താണ് നേരത്തെ ഉണ്ടായ ഉരുള്‍ പൊട്ടല്‍.നെല്ലിയോടി മലയിലെ ഭൂപാളി തെന്നി മാറി താഴ്ന്നു പോകുന്നതും തുടരുകയാണ്. ഇത് മൂലം കടപ്പൂര്‍ ആന്റണിയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. മരങ്ങള്‍ മണ്ണിലേക്ക് താഴ്ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയും ഇവിടെയുണ്ടാകുന്നുണ്ട്. വൈദ്യുത ലൈനുകള്‍ മാറ്റി കഴിഞ്ഞു. ഭൂതലത്തില്‍ നിന്നും പത്ത് മീറ്ററിലധികം ഭൂപാളി താഴ്ന്നു കഴിഞ്ഞു. ചെങ്കുത്തായ സ്ഥലമായതിനാലും ചെമ്മണ്ണുള്ളതിനാലും പരിധിയിലധികം ജലം താഴ്ന്നിറങ്ങിയതാണ് ഭൂമി താഴുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കനത്ത മഴ തുടര്‍ന്നിരുന്നുവെങ്കില്‍ ഉരുള്‍ പൊട്ടാനുള്ള സാധ്യത ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ മഴയില്ലാത്തതാണ് ആശ്വാസമാവുന്നത്. എന്നാല്‍ മണ്ണിനടിയില്‍ പതിവിലധികം ജലം സംഭരിക്കപ്പെട്ടതിനാല്‍ അപകട സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും ജാഗരൂകരാകണമെന്നും ജിയോളജി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments