ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്കും പ്രതിമകള്‍ നിര്‍മിക്കാനും ചെലവാക്കിയ പണം പോലും പ്രധാനമന്ത്രി നരേന്ദ്രമോദി മഹാപ്രളയം നേടിരുന്ന കേരളത്തിന് നല്‍കിയില്ലെന്ന ആരോപണവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിന് നരേന്ദ്രമോദി ഇടക്കാല ആശ്വാസമായി അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണെന്നും യെച്ചൂരി വ്യക്തമാക്കി.
വിദേശയാത്രകള്‍ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4200 കോടി, എന്നാല്‍ കേരളത്തിന് വെറും 320 കോടി മാത്രമാണ് നല്‍കിയത് എന്ന് വ്യക്തമാക്കുന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി രൂപയാണ് പ്രധാനമന്ത്രി അനുവദിച്ചത്. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും നേവിയും രംഗത്തുണ്ട്.
Post Your Comments