ചെറുതോണി: ഇടുക്കിയിലെ ചെറുതോണിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. കൂടാതെ കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ഉരുള്‍പൊട്ടി. ചെറുതോണിക്ക് സമീപം ഉപ്പുതോടിലുണ്ടായ ഉരുള്‍പൊട്ടലില്‍ അയ്യര്‍കുന്നേല്‍ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്. കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ 15 ജീവനക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസുകള്‍ മണ്ണിനടയില്‍പ്പെട്ടു. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും നേവിയും രംഗത്തുണ്ട്.
Also Read : സമീപവാസികളെല്ലാം ഒഴിഞ്ഞുപോയിട്ടും ഉരുള്‍പൊട്ടിയ മലയുടെ അടിവാരത്ത് വീടൊഴിയാന്‍ കൂട്ടാക്കാതെ ഒരു അമ്മയും മകളും
പ്രളയത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നായ ആലുവയില്‍ കനത്തമഴ തുടരുന്നു. പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ വെള്ളത്തിനടിയിലായ അവസ്ഥയാണിവിടെ. പല ഭാഗങ്ങളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ദ്രുതഗതിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇവിടെ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് കനത്ത തിരിച്ചടിയായി. എന്നാല്‍ കനത്ത മഴയിലും എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരമാവധി ആളുകളെ പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് രക്ഷാപ്രവര്‍ത്തകര്‍.
Post Your Comments