ആലുവ : പ്രളയത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നായ ആലുവയില്‍ കനത്തമഴ തുടരുന്നു. പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ വെള്ളത്തിനടിയിലായ അവസ്ഥയാണിവിടെ. പല ഭാഗങ്ങളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ദ്രുതഗതിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇവിടെ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് കനത്ത തിരിച്ചടിയായി. എന്നാല്‍ കനത്ത മഴയിലും എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരമാവധി ആളുകളെ പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് രക്ഷാപ്രവര്‍ത്തകര്‍.
മൂടിക്കെട്ടിയ അന്തരീക്ഷവും ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഇവിടുത്തെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെങ്കിലും കരസേനയും, മല്‍സ്യബന്ധന തൊഴിലാളികളും അവരുടെ ബോട്ടുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നാവിക സേനയുടെ ഹെലികോപ്റ്ററുകള്‍ പുലര്‍ച്ചെ മുതല്‍ രംഗത്തുണ്ട്.
പൂര്‍ണമായും മുങ്ങിയ ആലുവ മണപ്പുറത്തിന്റെ ഭാഗങ്ങളില്‍ ഫ്ളാറ്റുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയാണ്. ഇന്ന് ഇരുനൂറിലേറെ പേരെ രക്ഷപ്പെടുത്തി കഴിഞ്ഞു. കടുങ്ങല്ലൂര്‍, ദേശം തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങികിടക്കുകയാണ്.
Post Your Comments