KeralaLatest News

പ്രളയ ദുരന്തം; ഇന്നലെ മാത്രം സംസ്ഥാനത്ത് മരിച്ചത് 45 പേര്‍, എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍

പത്തനംതിട്ടയില്‍ കിഴക്കു വെള്ളമിറങ്ങുമ്പോാള്‍ പന്തളവും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടെ പടിഞ്ഞാറന്‍ മേഖലകള്‍ മുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.

സംസ്ഥാനത്തിലെ കനത്ത മഴയില്‍ 45 മരണമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരണം 150ന് മുകളിലായി ഉയര്‍ന്നു. പ്രളയത്തെ തുടര്‍ന്ന് 95 ശതമാനവും വെള്ളത്തിലായ കുട്ടനാട്ടില്‍നിന്ന് ഒന്നര ലക്ഷം പേര്‍ വീടൊഴിഞ്ഞുപോയി. സംസ്ഥാനത്ത് ഇന്നലെ മാത്രം 82,442 പേരെ രക്ഷിച്ചു. എറണാകുളം ജില്ലയില്‍ വരാപ്പുഴ, വൈപ്പിന്‍, ചെറായി, മാല്യങ്കര, കോട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ക്കൂടി വെള്ളം കയറി. പത്തനംതിട്ടയില്‍ കിഴക്കു വെള്ളമിറങ്ങുമ്പോാള്‍ പന്തളവും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടെ പടിഞ്ഞാറന്‍ മേഖലകള്‍ മുങ്ങി.

Also Read : ഉരുൾപൊട്ടലും പ്രളയവും :രണ്ടാം ദിവസവും ട്രെയിനുകൾ ഓടില്ല

എറണാകുളം, കോട്ടയം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിലെ പടിഞ്ഞാറന്‍ മേഖലകള്‍ വെള്ളത്തിനടിയിലാണ്. ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള, കോഴഞ്ചേരി, ആറാട്ടുപുഴ, പറവൂര്‍, ആലങ്ങാട് എന്നിവിടങ്ങളില്‍ മൂന്നുദിവസമായി വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന ആയിരങ്ങളുടെ കാര്യത്തില്‍ കടുത്ത ആശങ്കയുണ്ട്. വാര്‍ത്താവിനിമയ ബന്ധമറ്റതിനാല്‍ പലരെയും ബന്ധപ്പെടാനാകുന്നില്ല. കുടുങ്ങിക്കിടക്കുന്നവരില്‍ രോഗികളും മാസങ്ങള്‍ തികയാത്ത കുഞ്ഞുങ്ങളുമുണ്ട്.

കോട്ടയത്തും പടിഞ്ഞാറന്‍ മേഖല കടുത്ത പ്രളയഭീഷണിയിലാണ്. ഇടുക്കി പൂര്‍ണമായി ഒറ്റപ്പെട്ടു. ഉപ്പുതോടില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ നാലു പേരെ കാണാതായി. ഭാരതപ്പുഴയും പൊന്നാനിപ്പുഴയും കരകവിഞ്ഞു. മലപ്പുറം ജില്ലയില്‍ പൊന്നാനി, കുറ്റിപ്പുറം ടൗണുകള്‍ വെള്ളത്തില്‍ മുങ്ങി. ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ നാലു ലക്ഷം കവിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button