തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴ തുടരുന്ന ജില്ലയില്‍ ഇന്നു മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. പത്തു പേരെ കാണാനില്ല. കാണാതായവരെല്ലാം മണ്ണിനടിയില്‍പെട്ടവരാണ്. മുളങ്കുന്നത്തുകാവിനടുത്തു കുറാഞ്ചേരിയില്‍ മണ്ണിടിച്ചില്‍പ്പെട്ടു മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്നു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. ഇനിയും ഏഴു പേരെ കണ്ടെത്താനുണ്ടെന്നാണു കരുതുന്നത്. നേരത്തെ, കാണാതായ രണ്ടുപേര്‍ മണ്ണിനടിയില്‍നിന്നു ഫോണില്‍ സന്ദേശം നല്‍കിയിരുന്നു. ഇവരുടെ മൃതദേഹമാണോ കണ്ടെത്തിയതെന്നു വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണിടിച്ചിലില്‍പെട്ട് ഒലിച്ചുപോയ നാലു വീടുകളിലുള്ളവരെയാണു കാണാതായത്.
Read Also : പെരിയാറിൽ ജലനിരപ്പ് ഉയരുന്നു : ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറാൻ നിർദേശം
രണ്ടു വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. പത്തോളം മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ശ്രമിച്ചിട്ടും ഇതുവരെ മണ്ണു നീക്കാനായിട്ടില്ല. വീടിന്റെ മേല്‍ക്കൂര മാത്രമാണു പുറത്തു കാണുന്നത്. എരുമപ്പെട്ടിക്കടുത്തു മണ്ണിടിഞ്ഞു കാണാതായ മൂന്നുപേര്‍ക്കായും തിരച്ചില്‍ നടക്കുകയാണ്.
അതിരപ്പിള്ളിക്കടുത്തു വെട്ടികുഴിയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. പണ്ടാറന്‍പാറ രവീന്ദ്രന്റെ ഭാര്യ ലീല (62)യാണു മരിച്ചത്. പൂമലയില്‍ വീടു തകര്‍ന്നു രണ്ടു പേര്‍ മരിച്ചു. പൂമല മൂര്‍ക്കനാട്ടില്‍ അജി (28), ഷിജോ (31) എന്നിവരാണു മരിച്ചത്. കുറ്റൂരില്‍ റെയില്‍വേ ഗേറ്റിനു സമീപം വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു.
Post Your Comments