KeralaLatest News

പത്തനംതിട്ടയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം : കുട്ടനാട് വെള്ളത്തിൽ മുങ്ങി ഒറ്റപ്പെട്ട അവസ്ഥയിൽ

കൊച്ചി: മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നിൽക്കുകയാണ്. മുല്ലപ്പെരിയാറും ഇടുക്കി ഡാമും നിറഞ്ഞതോടെ പെരിയാര്‍ കരകവിഞ്ഞു. പ്രതീക്ഷിച്ച ഈ ദുരന്തത്തിന് കേരളം ഏറെ മുന്‍ കരുതലെടുത്തു. എന്നാല്‍ പമ്പയിലെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി ആരും കണ്ടില്ല. പമ്പയിലെ ജലനിരപ്പ് ഉയരുമെന്ന് അറിയിച്ചിട്ടും ആളുകള്‍ വീട് വിട്ടു പോകാതെ അവിടെ തുടര്‍ന്നു. വീടിന്റെ രണ്ടാം നിലയിലേക്കും വെള്ളം കയറാന്‍ തുടങ്ങിയതോടെ ഇവര്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

ഒടുവില്‍ പമ്പയുടെ തീരത്ത് സൈന്യം ഇറങ്ങുകയാണ്. രാത്രിയയിലും രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നു. ഇതിനൊപ്പം പ്രളയ മഴ കേരളത്തില്‍ നാശനഷ്ടവും ജീവനെടുക്കലും തുടരുകയാണ്. ഇന്നലെ പെയ്തു തുടങ്ങിയ മഴയില്‍ മാത്രം 37 പേരാണ് മരിച്ചത്.നെടുമ്പാ ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു. കനത്ത മഴയും വെള്ളപ്പൊക്കവും റോഡ്, റെയില്‍ ഗതാഗതത്തെയും സാരമായി ബാധിച്ചു. ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.

കേരളം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും ഫോണില്‍ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കി. കൂടുതല്‍ സൈന്യത്തേയും കേരളത്തിലേക്ക് അയച്ചു. കുട്ടനാടും പ്രളയ ഭീതിയിലാണ്. പമ്പയിലെ വെള്ളം ഒഴുകിയെത്തുന്നത് വേമ്പനാട് കായലിലേക്കാണ്. ഈ വെള്ളപാച്ചിലാണ് കുട്ടനാടിനെ പ്രതിസന്ധിയിലാക്കുന്നത്. തീരാ ദുരിതത്തിലാണ് കുട്ടനാട്. കുടിവെള്ളവും ഭക്ഷണവും പോലും ഇല്ലാത്ത അവസ്ഥയാണ് അവിടെ.പത്തനംതിട്ടയില്‍പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സൈന്യം രംഗത്തിറങ്ങി.

ഇവര്‍ക്കുപുറമെ ദേശീയ ദുരന്തപ്രതികരണ സേന, നാവിക സേനയുമെത്തും. ഇരുട്ടും കനത്ത മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരുന്നു. പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തും. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പൊലീസ് സേനകളുമുണ്ട്. നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിങ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തും. അത്രയും ഗുരുതരമാണ് സ്ഥിതിഗതികള്‍. പമ്ബാതീരത്തെ വീടുകളിലെ രണ്ടാം നിലയിലേക്കും വെള്ളം കേറിയതോടെ പ്രായമായവരും സ്ത്രീകളും ഉള്‍പ്പടെ രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ കഴിയുകയാണ്. ഭക്ഷണവും വെള്ളവും വെളിച്ചവുമില്ല. മൊബൈലിന്റെ ചാര്‍ജും കഴിയാനായതോടെ പ്രതിസന്ധി രൂക്ഷമായി. പുറത്തേക്കും ബന്ധപ്പെടാന്‍ ആര്‍ക്കും കഴിയുന്നില്ല.

പമ്പയില്‍ വെള്ളം കുറയുക മാത്രമാണ് പോവഴി. ഇതിനായി ഡാമുകളില്‍ നിന്ന് തുറന്നു വിടുന്ന ജലനിരപ്പ് കുറച്ചിട്ടുണ്ട്. നിലവിലെ വെള്ളത്തിന്റെ വരവ് കാരണം രക്ഷാ പ്രവര്‍ത്തകര്‍ക്കോ സൈനികര്‍ക്കോ പോലും ഇവരുടെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. റാന്നിയില്‍ പോലും അയ്യായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതാണ് വാര്‍ത്തകള്‍. ഒറ്റപ്പെട്ട് കിടക്കുന്നവര്‍ തങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി ആവശ്യപ്പെട്ട് കരയുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button