Latest NewsKerala

സംസ്ഥാനത്തെ കനത്ത മഴ; ഇന്ന് മാത്രം മരിച്ചത് മൂന്നുപേര്‍

ലോഡ്ജില്‍ കുടുങ്ങിയ എട്ടില്‍ ഏഴു പേരെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു

കൊച്ചി: സംസ്ഥാനത്ത് ശക്തമായുണ്ടാകുന്ന മഴയില്‍ ഇന്ന് മാത്രം മരിച്ചത് മൂന്നുപേര്‍. മൂന്നാര്‍ തപാല്‍ ഓഫിസിനു സമീപം ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. ശരവണ ഹോട്ടലാണ് തകര്‍ന്ന് വീണത്. തമിഴ്‌നാട് സ്വദേശി മദനാണ് മരണപ്പെട്ടത്. ലോഡ്ജില്‍ കുടുങ്ങിയ എട്ടില്‍ ഏഴു പേരെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഒരു വീട്ടിലെ രണ്ടുപേര്‍ മരിച്ചു. അസീസ്, ഭാര്യ സുനീറ എന്നിവരാണ് മരിച്ചത്. ആറുവയസ്സുകാരനായ മകനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

ചെറുതോണിയിലും കോരുത്തോടിലും ഉരുള്‍ പൊട്ടലുണ്ടായി. നിരവധി വീടുകളില്‍ വെള്ളം കയറി. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം തുറന്നു. 11 ഷട്ടറുകള്‍ ഒരടി വീതം തുറന്നു. 4489 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജലനിരപ്പ് 140അടിയായതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ ബുധനാഴ്ച പുലര്‍ത്തെ 2.30ന് തുറന്നത്.

Also Read : അതിശക്തമായ മഴയില്‍ ഉരുള്‍പൊട്ടല്‍: അപകടത്തില്‍ 40 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

തമിഴ്നാടാണ് ഡാം തുറന്നുവിട്ടത്. പെരിയാറിന്റെ തീരത്ത് നിന്ന് 1250 കുടുംബത്തെ ഒഴിപ്പിച്ചു. നാലായിരം പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ ചപ്പാത്ത് വഴി ഒഴുകുന്ന വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. മഞ്ഞുമല,കുമളി,പെരിയാര്‍, ഉപ്പുതുറ,അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button