ശബരിമല ∙ മുൻപെങ്ങുമില്ലാത്ത കാഴ്ചകളാണ് പമ്പയിൽ. നിമിഷം തോറും വെള്ളം ഉയരുന്നതുകണ്ട് എന്തു ചെയ്യുമെന്നറിയാതെ അധികൃതർ. നിയന്ത്രണാതീതമാണ് കാര്യങ്ങളെന്നറിഞ്ഞപ്പോൾ പിന്നെ ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു. ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡിന്‍റെ കര്‍ശന നിര്‍ദ്ദേശം. കനത്ത വെള്ളപ്പാച്ചിലില്‍ പന്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
ശബരിമലയുടെ പരിസരങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുന്നതിനാലാണ് ഭക്തരെ നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിതരായത്. കനത്ത മഴയില്‍ ശബരിമലയും പമ്പയും പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അയ്യപ്പഭക്തരെ നിയന്ത്രിക്കാന്‍ പോലീസ് പമ്പയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പമ്പയിലേക്ക് വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞ് തിരിച്ചയക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാനനപാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പമ്പയിലേക്കുള്ള സര്‍വീസുകള്‍ കെഎസ്‌ആര്‍ടിസി നിറുത്തിവച്ചു. പമ്പ മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമ കേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധവും ടെലിഫോണ്‍ ബന്ധവും നിലച്ചിരിക്കുകയാണ്.
അതേസമയം എല്ലായിടത്തും മുന്നറിയിപ്പ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് പോലീസിനോടും ജില്ലാഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പഭക്തരുടെ ജീവനുംസുരക്ഷയും കണക്കിലെടുത്തുള്ള നിര്‍ദ്ദേശവും മുന്നറിയിപ്പും എല്ലാ അയ്യപ്പഭക്തരും പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Post Your Comments