തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. ഇതോടെ നാല് ജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉരുള്‍പൊട്ടിയത്. പാലക്കാട് മലമ്പുഴയിലെ വനപ്രദേശത്താണ് ഉരുള്‍പൊട്ടിയത്. ഇവിടെ മൂന്ന്ഏക്കര്‍ കൃഷിയിടം ഒലിച്ചുപോയി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ പുഴയിലും അണക്കെട്ടിലും ജലനിരപ്പുയര്‍ന്നു. രാത്രി മഴ വര്‍ധിച്ചാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടുമുയര്‍ത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ നിലമ്പൂരിലെ ആഢ്യന്‍പാറയിലാണ് ഉരുള്‍പൊട്ടിയത്. ജനവാസ മേഖലയിലല്ലാത്തതിനാല്‍ ആളപായമില്ല. തേന്‍പാറ വനമേഖലയില്‍ മലയ്ക്കു മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. നേരത്തേ ആറ് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലുണ്ടായ ചെട്ടിയാന്‍പാറയ്ക്കു സമീപമാണിത്.
കോഴിക്കോട് ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴയിലാണ് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായത്. മുക്കം മലയോര മേഖലകളില്‍ നിന്നുള്ള മലവെള്ളപ്പാച്ചിലിന്റെ ഫലമായി ഇരുവഞ്ഞിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. മുത്തപ്പന്‍ പുഴയിലെ മലവെള്ളപ്പാച്ചിലിലാണ് തിരുവമ്പാടിയിലെ മറിപ്പുഴപ്പാലം ഒലിച്ചുപോയത്.
കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി വനമേഖലയിലും ഉരുള്‍പൊട്ടി. ഏഴാം കടവ് പ്രദേശത്തെ രണ്ട് നടപ്പാലങ്ങള്‍ തകര്‍ന്നു. ഏഴാം കടവ് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്.
Post Your Comments