തിരുവനന്തപുരം: ആഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴാന്‍ തുടങ്ങിയത് ആശ്വാസകരമാണ്. മഴയുടെ തോതില്‍ കുറവു വന്നിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുളളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തിരിച്ചുപോകാന്‍ കഴിഞ്ഞേക്കും. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകളും സമയോചിതമായ ഇടപെടലുകളും എല്ലാ വകുപ്പുകളുടെയും ഏകോപിച്ചുളള പ്രവര്‍ത്തനവും കാരണം ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനവും മാതൃകാപരമായ രീതിയിലാണ് നടക്കുന്നത്. ജനങ്ങള്‍ എല്ലാം മറന്ന് സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനവും മാതൃകാപരമാണ്.
Read also: മഴക്കെടുതി; ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങായി കെ.എസ്.ആര്‍.ടി.സി
ശനിയാഴ്ചത്തെ വൈകുന്നേരത്തെ കണക്കനുസരിച്ച് 57,000 ത്തിലധികം പേര്‍ സംസ്ഥാനത്തെ 457 ക്യാമ്പുകളിലായി കഴിയുന്നുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ സംതൃപ്തരാണ്. എല്ലാ ക്യാമ്പുകളിലും ഭക്ഷണവും ശുദ്ധജലവും വെള്ളവും ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പകരം പുസ്തകം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദേശിച്ചു. കാലവര്‍ഷക്കെടുതി ബാധിച്ച എട്ടു ജില്ലകളിലും ശനിയാഴ്ച മന്ത്രിമാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ജില്ലകളിലെല്ലാം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങളും നടന്നു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് 12-ന് ഞായറാഴ്ച പ്രളയബാധിത മേഖലകള്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും. ഉച്ചക്ക് 12.30 ന് കൊച്ചി വിമാനത്താവളത്തില്‍ എത്തുന്ന ആഭ്യന്തര മന്ത്രി ഉച്ചയ്ക്ക് 1 മണി മുതല്‍ 2.30 വരെ ഹെലികോപ്റ്ററില്‍ ഇടുക്കി, എറണാകുളം മേഖലകളില്‍ പോകും. അതിന് ശേഷം പറവൂര്‍ താലൂക്കിലെ ചില ദുരിതാശ്വാസ കേമ്പുകള്‍ അദ്ദേഹം സന്ദര്‍ശിക്കും. മുഖ്യമന്ത്രി, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും കേന്ദ്ര ആഭ്യന്തര മന്ത്രിയോടൊപ്പം ഉണ്ടാകും.
Post Your Comments