Festivals

ആഗസ്റ്റ് 15 എങ്ങനെ സ്വാതന്ത്ര്യദിനമായി എന്ന് അറിയുമോ?

1947 ആഗസ്റ്റ് 15 ഒരിക്കലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല ദിവസമായിരുന്നില്ല

ആഗസ്റ്റ് 15 എങ്ങനെ സ്വാതന്ത്ര്യദിനമായി എന്ന് അറിയുമോ? പലര്‍ക്കും ഇതിനെ കുറിച്ച് വ്യക്തമായി അറിയില്ല എന്നതാണ് സത്യാവസ്ത. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആചരിക്കുന്നതിനുപിന്നില്‍ നിരവധി ആളുകളും കണ്ണീരിന്റെ നനവുണ്ട്. എന്നാല്‍ അത് എങ്ങനെ വന്നുവെന്ന് ഒന്ന് നോക്കിയാലോ? ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട്ബാറ്റന്‍ പ്രഭു ആണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി ആഗസ്റ്റ് 15 തീരുമാനിച്ചത്. ഈ ദിവസത്തിന്റെ പ്രത്യേകത എന്തെന്നല്ലേ? ഈ ദിവസമാണ് രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള സഖ്യസേനയ്ക്ക് മുന്‍പില്‍ ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസം. ഗ്യോകുവോന്‍ ഹോസോ (Gyokuonhoso) എന്നാണ് 1945 ആഗസ്റ്റ് 15ലെ ചരിത്രപ്രസിദ്ധമായ ആ കീഴടങ്ങല്‍ അറിയപ്പെടുന്നത്. ജാപ്പനിസ് ചക്രവര്‍ത്തി ഹിരോഹിതോ റേഡിയോയിലൂടെ വായിച്ച ആ കീഴടങ്ങല്‍ പ്രഖ്യാപനത്തിലേയ്ക്ക് നയിച്ചതാവട്ടെ നമുക്കേവര്‍ക്കും അറിവുള്ളതുപോലെ ഹിരോഷിമയിലും നാഗസാക്കിയിലും സഖ്യസേന നടത്തിയ അതിക്രൂരമായ നരഹത്യകളും.

സഖ്യസേനയുടെ സാമ്രാജ്യത്തഹുങ്കിനു മുന്‍പില്‍ അവസാന നിമിഷംവരെ തോറ്റുകൊടുക്കാതെ പോരാടിയ ജപ്പാന്റെ നെഞ്ചിലേയ്ക്ക് വര്‍ഷിക്കപ്പെട്ട ലിറ്റില്‍ബോയ് എന്നും ഫാറ്റ്മാന്‍ എന്നും പേരുള്ള രണ്ട് ആറ്റം ബോംബുകള്‍ മാനവരാശി ഇന്നോളം കണ്ടിട്ടില്ലാത്ത കൊടുംയാതനകളാണ് വിതച്ചത്. ഒന്നര ലക്ഷം പേര്‍ തല്‍ക്ഷണം മരിച്ചപ്പോള്‍ 37,000ലേറെ പേര്‍ക്ക് ആണവവികിരണങ്ങളാല്‍ മാരകമായി പൊള്ളലേറ്റു. ജപ്പാന്‍ എന്ന കൊച്ചുരാജ്യത്തിന് താങ്ങാവുന്നതിലേറെ ആയിരുന്നു ഇത്. ഹിരോഷിമയില്‍ ബോംബിട്ടത് 1945 ആഗസ്റ്റ് 6നായിരുന്നു. നാഗസാക്കിയിലേത് ആഗസ്റ്റ് 9നും. ആഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധം അങ്ങനെ അവസാനിച്ചു.

ജപ്പാന്റെ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസത്തിന്റെ ഓര്‍മ്മയ്ക്കാണ് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം അതേ ദിവസം തന്നെ മൗണ്ട്ബാറ്റന്‍ പ്രഭു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ ആഗ്രഹസാക്ഷാല്‍ക്കാരത്തെപ്പോലും തങ്ങളുടെ സാമ്രാജ്യത്വ അഹങ്കാരത്തിന്റെ ഓര്‍മ്മദിവസമാക്കി മാറ്റാനുള്ള ബ്രിട്ടീഷുകാരന്റെ തന്ത്രമാണ് ഇവിടെ ജയിച്ചത്. അതോടൊപ്പം, ജപ്പാന്റെ സഹായത്തോടെ സ്വാതന്ത്ര്യം നേടാന്‍ ശ്രമിച്ച സുഭാഷ് ചന്ദ്രബോസിനെ പോലെയുള്ളവരുടെ സ്മരണയെപ്പോലും പരിഹസിക്കുക എന്നുള്ളതും ബ്രിട്ടീഷുകാരുടെ ലക്ഷ്യമായിരുന്നു.

അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. സ്വാതന്ത്ര്യലബ്ദിയുടെ ഹര്‍ഷാരവങ്ങളേക്കാള്‍ വിഭജനത്തിന്റെ മുറിപ്പാടുകളില്‍ നിന്നുയരുന്ന ദീനരോദനങ്ങളായിരുന്നു ആ ദിവസത്തെ മുഖരിതമാക്കിയത്. 1947 ആഗസ്റ്റ് 15 ഒരിക്കലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല ദിവസമായിരുന്നില്ല. രാജ്യത്തെമ്പാടും പൊട്ടിപ്പുറപ്പെട്ട ഹിന്ദുമുസ്ലീം വര്‍ഗീയകലാപങ്ങള്‍, ജനിച്ചുവളര്‍ന്ന നാട്ടില്‍ ഒറ്റ രാത്രികൊണ്ട് അന്യരും വിദേശികളുമാകേണ്ടി വന്ന ലക്ഷക്കണക്കിനുപേര്‍, അഭയാര്‍ത്ഥി പ്രവാഹങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, ശിശുമരണങ്ങള്‍, പട്ടിണിയുടെയും പകര്‍ച്ചവ്യാധികളുടെയും രൂപത്തില്‍ മരണം സംഹാരതാണ്ഡവാടി. മതങ്ങളും ദൈവങ്ങളും കൂടി മണ്ണുപങ്കുവെച്ചപ്പോള്‍ ആയിരക്കണക്കിനു മനുഷ്യര്‍ തെരുവില്‍ മരിച്ചുവീണു. വര്‍ഗീയകലാപങ്ങള്‍ കണ്ട് മനസുമടുത്ത ഗാന്ധിജി സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കാതെ മാറിനിന്നു.

1947 ആഗസ്റ്റ് 15നു ശേഷവും ബ്രിട്ടീഷുകാരന്‍ തന്നെയാണ് ഇന്ത്യ ഭരിച്ചത്. ഇന്ത്യയുടെ പരമാധികാരിയായി മൗണ്ട്ബാറ്റന്‍ പ്രഭു അധികാരത്തില്‍ തുടര്‍ന്നു. ഇടയ്ക്ക് മൗണ്ട്ബാറ്റന്‍ വിക്ടോറിയ രാജ്ഞിയുടെ വിവാഹത്തിനു സംബന്ധിക്കാന്‍ ബ്രിട്ടണില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്നത് സി. രാജഗോപാലാചാരി ആയിരുന്നു. അദ്ദേഹത്തിന്റെ കൃത്യനിര്‍വഹണത്തില്‍ സംപ്രീതനായ പ്രഭു തന്റെ പിന്‍ഗാമിയായി ആചാരിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.

സത്യത്തില്‍ ഇന്‍ഡ്യയുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യദിനം 1950 ജനുവരി 26 ആണെന്നു പറയാം. എന്താണ് ജനുവരി 26ന്റെ പ്രത്യേകത? എന്തുകൊണ്ട് ആ തീയതി തെരഞ്ഞെടുത്തു? കാരണം രണ്ടുപതിറ്റാണ്ടുകള്‍ക്കു മുന്‍പ്, 1930ല്‍ ജനുവരി 26നാണ് ഇന്‍ഡ്യയുടെ ദേശീയനേതാക്കള്‍ പൂര്‍ണ്ണസ്വരാജ് പ്രഖ്യാപിച്ചത്. അന്നേ ദിവസം സ്വാതന്ത്ര്യദിനമായി ആചരിക്കാന്‍ സ്വാതന്ത്ര്യസമരനേതാക്കള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. കൃത്യം 20 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍ഡ്യയെ ഒരു സമ്പൂര്‍ണ്ണ ജനാധിപത്യ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ അതേ ദിനം തന്നെ തെരഞ്ഞെടുക്കുകയാണുണ്ടായത്. അതായത് നമ്മുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് നമ്മള്‍ തന്നെ തെരഞ്ഞെടുത്ത ദിനം. ഇനി ഈ ദിവസം ങ്ങെനെവന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍ ധൈര്യമായി പറഞ്ഞോളൂ, ഈ യഥാര്‍ത്ഥ കാരണം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button