തിരുവനന്തപുരം : കേരളത്തെ വലിയൊരു ദുരന്തത്തിലേയ്ക്ക് തള്ളിവിട്ട അതിശക്തമായ മഴ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഇന്ന് ഉച്ചയ്ക്കു പുറത്തിറക്കിയ ബുള്ളറ്റിനിലാണ് കേരളം കാത്തിരിക്കുന്ന ആശ്വാസ വാര്‍ത്തയുടെ സൂചന. കേരളത്തെ മഴയില്‍ പൊതിഞ്ഞ ന്യൂനമര്‍ദ പാത്തി വടക്കോട്ടു നീങ്ങാന്‍ തുടങ്ങി. ഇതു ശനിയോടെ രാജ്യത്തിന്റെ മധ്യഭാഗത്തേക്കു കേന്ദ്രീകരിക്കുന്നതോടെ മഴയുടെ ശക്തിയും വടക്കോട്ടു മാറും. എന്നാല്‍ ഇടവിട്ടുള്ള ചെറിയ മഴയ്ക്കു കുറവുണ്ടാകില്ലെന്നും ഐഎംഡി അറിയിച്ചു. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തതു പീരുമേട്ടിലാണ് – 15.7 സെന്റീമീറ്റര്‍. ഇടുക്കിയില്‍ 13 സെ.മീയും ലഭിച്ചതായി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതു കനത്ത മഴയാണ്. രാജ്യത്ത് ഇന്നലെ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.
തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. ഇതു കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് തരുന്നു.
Post Your Comments