തിരുവനന്തപുരം: ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നാലാമത്തെ ഷട്ടര്‍ കൂടി തുറക്കാന്‍ സാധ്യത. രാവിലെ ഏഴിന് രണ്ടും നാലും ഷട്ടറുകളാണ് തുറന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് തുറന്ന മൂന്നാമത്തെ ഷട്ടര്‍ അടച്ചിരുന്നില്ല. ഷട്ടര്‍ തുറന്നിട്ടും ഡാമിലേക്കുള്ള ജലനിരപ്പ് ഉയരുകയാണ്. ഇന്ന് ഉച്ച 12 മണി വരെ ജലനിരപ്പ് 2401.46 അടിയായി. ഇപ്പോള്‍ സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴിക്കിക്കളയുന്നത്. മൂന്ന് ഷട്ടറുകളും ഒരു സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.
മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഡാമിലെ ജലനിരപ്പില്‍ ഗണ്യമായ കുറവ് വരാത്തതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഒരു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറംതള്ളുന്നത്.പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചതോടെ ചെറുതോണി ടൗണില്‍ വെള്ളം കയറി. കൂടുതല്‍ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ ചെറുതോണിയിലും പെരിയാറിന്റെ ഇരുകരകളില്‍ 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പുഴയില്‍ ഇറങ്ങുന്നതിനും മീന്‍ പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം ഒഴുകിയെത്തുന്നതോടെ ആലുവയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളമുയരും. കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. ഇന്നലെ ഇടമലയാര്‍ ഡാം തുറന്നപ്പോള്‍ തന്നെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം രണ്ടുമണിക്കുര്‍ അടച്ചിടേണ്ടിവന്നു. പെരുമ്പാവൂര്‍, ഏലൂര്‍, ആലുവ, കാഞ്ഞൂര്‍, നെടുമ്പാശ്ശേരി, പരവൂര്‍, വരാപ്പുഴ, തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്.
പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിയിൽ 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഡാമിന്റെ പരമാവധി ശേഷിയിലേക്ക് ജലനിരപ്പ് വളരെ പെട്ടെന്ന് ഉയരുന്നത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Post Your Comments