കരിക്കോട്ടക്കരി (കണ്ണൂർ)∙ ചിങ്ങത്തിൽ മകന്റെ വിവാഹത്തിനു പന്തലൊരുക്കാനിരുന്ന വീട് കൺമുന്നിൽ തകർന്നുവീഴുന്ന കാഴ്ച അമ്മിണിയുടെ മാത്രമല്ല, നാട്ടുകാരുടെയും കണ്ണുകൾ ഈറനണിയിച്ചു. ഒന്നരവർഷം മുൻപാണ് എടപ്പുഴ റോഡരികിൽ ഒറ്റപ്പനാൽ മോഹനൻ ഇരുനില വീട് പൂർത്തിയാക്കിയത്. തൊട്ടടുത്തുള്ള അനുജൻ രവീന്ദ്രന്റെ വീടും നോക്കി നിൽക്കെ തകർന്നുവീണു. 26 സെന്റിലാണ് മോഹനന്റെയും രവീന്ദ്രന്റെയും വീടുകൾ നിന്നിരുന്നത്.
കഴിഞ്ഞ ദിവസം ചെറുതായി മണ്ണിടിയുന്നതു കണ്ടിരുന്നു. രാത്രിയും മഴ തുടർന്നതോടെ ഇരുകുടുംബങ്ങളും അവിടെനിന്നും മാറിയിരുന്നു . ഇന്നലെ രാവിലെ തിരിച്ചെത്തിയെങ്കിലും മണ്ണിടിച്ചിൽ ശക്തമായതിനെത്തുടർന്ന് കയ്യിൽക്കിട്ടിയ സാധനങ്ങൾ മാത്രമെടുത്തു വീടിനു പുറത്തെത്തി. അപ്പോഴേക്കും മോഹനന്റെ വീടിന്റെ പിന്നിലൂടെ ചെളിവെള്ളം ഇരച്ചുകയറിയിരുന്നു.
വീടിനു പിന്നിലെ മരങ്ങൾ മറിഞ്ഞു വീഴുന്നതും മണ്ണു വന്നുവീണ് വീടിനെ നിരക്കിനീക്കിക്കൊണ്ടുവരുന്നതും നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് എത്തിയ ടെറിട്ടോറിയൽ ആർമി അംഗങ്ങളും നോക്കിനിൽക്കെ ഉച്ചയോടെ വീടുകൾ രണ്ടും നിലംപൊത്തി. ഇവരുടെ പണിസ്ഥലവും ഇവിടെ തന്നെയായിരുന്നു അതും മണ്ണിനടിയിലായി.
Post Your Comments