Latest NewsKerala

കാലവര്‍ഷക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ഇടുക്കിയിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400 അടിയിലേയ്ക്ക് ഉയര്‍ന്നു. ഇന്നത്തെ മഴയിലും ഉരുള്‍പൊട്ടലിലും മാത്രം 22 പേര്‍ മരിച്ചു. ഇത്തരം അതീവ ഗൗരവകരമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അടിയന്തര പരിതസ്ഥിതി കണക്കിലെടുത്ത് സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കും.

ശക്തമായ മഴ തുടരുന്നതിനാല്‍ പല ജില്ലകളിലും വലിയ നാശനഷ്ടങ്ങളുണ്ട്. ജലനിരപ്പ് ഉയരുന്നതുകൊണ്ട് സംസ്ഥാനത്തെ മിക്ക ഡാമുകളും തുറന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടും കക്കി അണക്കെട്ടും തുറക്കേണ്ട സാഹചര്യമുണ്ടായി. ഇടമലയാര്‍ ഡാമും തുറന്നിട്ടുണ്ട്. 22 ലേറെ ഡാമുകള്‍ തുറക്കേണ്ടിവരുന്നത് ആദ്യമാണ്.

read more : : ഉരുള്‍ പൊട്ടുമ്പോള്‍ ജനങ്ങള്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ചുള്ള പ്രധാനപ്പെട്ട ചില നിര്‍ദേശങ്ങള്‍ ഇതാ

ദുരന്തനിവാരണത്തിന് ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, എന്‍.ഡി.ആര്‍.എഫ്, മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് എന്നിവയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലേക്ക് ആര്‍മി നീങ്ങി. വയനാട്ടില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിന് നാവികസേനയുടെ വിമാനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) മൂന്ന് സംഘങ്ങള്‍ ഇപ്പോള്‍ തന്നെ ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രംഗത്തുണ്ട്. രണ്ട് സംഘങ്ങള്‍ കൂടി വരുന്നു. ഇതിനുപുറമെ ആറ് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെക്കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍മിക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും ബാംഗ്ലൂരില്‍ നിന്ന് അടിയന്തിരമായി വിമാനത്തില്‍ കോഴിക്കോട്ടും കൊച്ചിയിലും എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എത്തിയാല്‍ റോഡ് മാര്‍ഗം കൂടുതല്‍ കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് കൊണ്ടുപോകും.
അടുത്ത രണ്ടുദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പുകള്‍. ഇടുക്കി ഡാം തുറക്കാനുളള ട്രയല്‍ റണ്‍ തുടങ്ങി. കക്കി ഡാമും തുറക്കേണ്ടിവരുമ്പോള്‍ കുട്ടനാട്ടില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആഗസ്റ്റ് 11-ന് നടത്താന്‍ നിശ്ചയിച്ച നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചിട്ടുണ്ട്. പുതിയതീയതി പിന്നീട് അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button