വടക്കേന്ത്യയിലെ ഓരോ ഉത്സവവും വർണ്ണാഭമാണ്.ഏതു തരത്തിലുള്ള ചടങ്ങും അങ്ങേയറ്റം ആത്മാർത്ഥതയോടെയാണ് അവർ ആഘോഷിക്കുന്നത്.അങ്ങനെയൊരു ഉത്സവക്കാഴ്ചയിലേക്ക് പോയിവരാം.വടക്കേന്ത്യൻ കലണ്ടറനുസരിച്ച് ശ്രാവണമാസം തുടങ്ങുമ്പോൾ മുതൽ ഗംഗാതടങ്ങളിൽ ശിവമന്ത്രധ്വനികളുടെ മധുരസംഗീതമലയടിയ്ക്കും. പ്രസിദ്ധമായ “കാവട്”യാത്രയെ വരവേല്ക്കാൻ ദേവഭൂമി ഒരുങ്ങിത്തുടങ്ങും.വർഷം തോറും നടക്കുന്ന മതപരമായ ചടങ്ങാണ് “കാവട് യാത്ര”.ജൂലായ് ഇരുപത്തിയേഴിന് ആരംഭിച്ച പ്രസിദ്ധമായ കാവട് യാത്രയ്ക്ക് ഈ മാസം ഏഴിനോടു കൂടി അവസാനമാകും.പല ഘട്ടങ്ങളായി കാൽനടയായെത്തി ഭക്തർ ഗംഗാജലം ശേഖരിച്ച് കൈലാസനാഥന് ഭക്ത്യാദരപൂർവ്വം അഭിഷേകം നടത്തുന്ന ചടങ്ങാണ് കാവട്.ഗംഗയുടെ പവിത്രതീർത്ഥത്തെ ചെറുകലശങ്ങളിൽ സംഭരിക്കാനായി വിവിധ ദേശങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് കാൽനടയായി ഗംഗാതീരത്തെ പവിത്രഘാട്ടുകളിലെത്തുന്നത്.ഈ സമയത്താണ് ദേവഭൂമിയിലെ പ്രസിദ്ധമായ “” ശ്രാവൺമേള”” നടക്കുന്നത്. ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും നിരവധി സംഘങ്ങളാണ് കാൽനടയായോ,ചെറുവാഹനങ്ങളിലോ,ഗംഗയുടെ തീരത്തേയ്ക്കെത്തുന്നത്. നഗ്നപാദരായി വ്രതശുദ്ധിയുടെ നിറവിൽ, കാവിവസ്ത്രങ്ങളും, കുറിക്കൂട്ടുമണിഞ്ഞ്, വർണ്ണതോരണങ്ങളും ശിവനാമം ആലേഖനം ചെയ്ത കാവിനിറമുള്ള ചെറുകൊടികളും അലങ്കരിച്ച കാവടിയുമായി സംഘമായി ഭക്തർ തങ്ങളുടെ സ്ഥലങ്ങളിൽ നിന്ന് യാത്ര തുടങ്ങുന്നു.കാവടിയുടെ ഇരുവശങ്ങളിലും കുടങ്ങൾ തൂക്കിയിട്ടിട്ടുണ്ടാവും .ദൂരങ്ങൾ താണ്ടി,ഹരിദ്വാർ,ഗോമുഖ്,ഗംഗോത്രി തുടങ്ങിയ ഗംഗാതടങ്ങളിലെത്തി ശിവസഹസ്രനാമങ്ങൾ ജപിച്ച് ആരതി സമർപ്പിച്ച് കലശങ്ങളിൽ പവിത്രജലം ശേഖരിക്കുന്നു.ശ്രാവണത്തിലെ അമാവാസിയിൽ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലെ ശിവലിംഗത്തിൽ ഗംഗാജലം സമർപ്പിക്കുന്നതോടെ കാവട് യാത്രയ്ക്ക് സമാപനമാകുന്നു.
ഐതിഹ്യം
°°°°°°°°’°°°°°
കാവട് യാത്രയുടെ ഐതീഹ്യം പാലാഴിമഥനവുമായി ബന്ധപ്പെട്ടു കിടക്കുന്നു.അമൃതിനായി പാലാഴികടഞ്ഞെടുക്കുന്ന സമയത്ത് വാസുകി എന്ന വിഷസർപ്പം ഉഗ്രവിഷം ചീറ്റുകയും,ലോകനാശത്തിന് ഹേതുവായേക്കാവുന്ന വിഷം മഹാദേവൻ പാനം ചെയ്യുകയും ചെയ്തു.വിഷം ഉള്ളിലേക്കിറങ്ങാതിരിക്കാൻ ശ്രീപാർവതി കഴുത്തിൽ അമർത്തിപ്പിടിക്കുകയും,പുറത്തേയ്ക്ക് പോകാതിരിക്കാൻ ശ്രീമഹാവിഷ്ണു വായടച്ച് പിടിക്കുകയും ചെയ്തു.അങ്ങനെ വിഷം കഴുത്തിലുടനീളം പടർന്ന് നീലനിറത്തിലായ നീലകണ്ഠനെ രക്ഷിക്കാനായി പരമഭക്തനായ രാവണൻ ഭക്ത്യാദരപൂർവം കാവടുമായി ഗംഗാതടത്തിൽ എത്തി ജലം ശേഖരിച്ച് തിരികെ വന്ന് ശിവസ്തോത്രങ്ങളുരുവിട്ട് ഭഗവാന് അഭിഷേകം ചെയ്യുകയും പൂർണ്ണ ആരോഗ്യവാനായി മാറുകയും ചെയ്തു. ഈ ഓർമ്മയ്ക്കായാണ് വർഷം തോറും നിരവധി ഭക്തർ കുടങ്ങളേന്തിയ കാവടുമായി ഗംഗാതീരത്തെത്തുന്നത്.
വടക്കേയിന്ത്യൻ കലണ്ടറനുസരിച്ച് ശ്രാവണമാസത്തിനു അവസാനമായി..നമുക്ക് ശ്രാവണം ആഘോഷങ്ങളുടെ തുടക്കമാണെങ്കിൽ, ഇവിടെ ശ്രാവണം പൂർണ്ണമായും ശിവപൂജയ്ക്കായി ഉഴിഞ്ഞു വെച്ചിരിക്കുന്നു.ശുഭകാര്യങ്ങളൊന്നും ചെയ്യില്ല എന്നതും പ്രത്യേകതയാണ്.ഓരോ വീടുകളിൽ നിന്നും കുറഞ്ഞത് ഒരു കാവടെങ്കിലും യാത്രയ്ക്കുണ്ടാവും.വഴിയിലുടനീളം നിരവധി സംഘടനകൾ ഇവർക്ക് ഭക്ഷണവും,വിശ്രമവും,മെഡിക്കൽ സഹായവും കരുതി ക്യാമ്പ് ചെയ്യുന്നുണ്ടാവും.ഗംഗാജലം ശേഖരിച്ചിരിക്കുന്ന കലശങ്ങൾ താഴെ വെയ്ക്കാൻ പാടില്ലാത്തതിനാൽ വിശ്രമകേന്ദ്രങ്ങളിൽ ഉയർത്തിക്കെട്ടിയ നിരവധി ദണ്ഡുകളുണ്ടാവും. അവയിലാണ് ഭക്തർ തങ്ങളുടെ കാവടി ഉയർത്തി വെയ്ക്കുക.ഈ വർഷത്തെ കാവട് യാത്രയ്ക്ക് നാളെയോടുകൂടി സമാപനമാകും.പിന്നീട് പതിനൊന്നാം തീയതിയിലെ അമാവാസി ദിനത്തിൽ പവിത്ര ഗംഗാജലത്താൽ ഭഗവാന് അഭിഷേകം നടത്തുന്നതോടെ ഒരു മാസം നീണ്ടു നിന്ന കാവട് യാത്ര ശുഭമാകും.ഇനിയൊരു വർഷകാലത്തിന്റെ കാത്തിരിപ്പിലാണ് ഭക്തലക്ഷങ്ങൾ.
ശിവാനി ശേഖര്‍
Post Your Comments