Latest NewsKerala

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം•ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദ്രാവിഡ രാഷ്ട്രീയത്തിന് ഊര്‍ജ്ജവും കരുത്തും പ്രദാനം ചെയ്തുകൊണ്ട് അദ്ദേഹം നല്‍കിയ നേതൃത്വം പലഘട്ടങ്ങളിലും സമൂഹത്തിന്റെ പൊതുവായ മുന്നേറ്റത്തിന് ഊര്‍ജ്ജമായി. നിസ്വജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നതിന് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രഭാഷണശൈലി മുതല്‍ പ്രായോഗിക ഭരണ നടപടികള്‍ വരെ വലിയ തോതില്‍ സഹായകമായി. അതുകൊണ്ട് തന്നെ കരുണാനിധി തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വികാരമായി മാറി. കേരളവും തമിഴ്‌നാടും തമ്മിലുളള ഉഭയസംസ്ഥാന ബന്ധങ്ങള്‍ സാഹോദര്യപൂര്‍ണമായി നിലനിര്‍ത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം എന്നും പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. തര്‍ക്കങ്ങളുടെ മേഖലകള്‍ ചുരുക്കിക്കൊണ്ടുവരുന്നതിലും സൗഹൃദത്തിന്റെ മേഖലകള്‍ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നന്ദിപൂര്‍വ്വം സ്മരിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയം വളരെ നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് കരുണാനിധിയുടെ വിയോഗം എന്നത് കൂടുതല്‍ ദുഃഖിപ്പിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒരുമിപ്പിക്കേണ്ട ചരിത്രപരമായ പ്രാധാന്യമുളള ഘട്ടത്തില്‍ ഉണ്ടായ ഈ നഷ്ടം എളുപ്പം നികത്താവുന്നതല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം എന്നും സഹോദര സ്ഥാനത്തുളള ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹം. ഭാഷയും സംസ്‌കാരവും അടിച്ചേല്‍പ്പിക്കുന്ന വര്‍ഗ്ഗീയ സ്വഭാവമുളള നീക്കങ്ങള്‍ക്കെതിരെ ഒരു ജനതയെയാകെ ഒറ്റ നൂലില്‍ കോര്‍ത്തിണക്കയതുപോലുളള തലത്തിലേക്ക് നീക്കുന്നതിന് അദ്ദേഹത്തിന്റെ സംഭാവനകള്‍ സഹായിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ സഹജസ്വഭാവമായ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ജനങ്ങളെ അണിനിരത്തുന്നതിലൂടെ പുതിയ ഒരു മാനവികതാബോധത്തിലേക്ക് ജനങ്ങളെ ഉണര്‍ത്തുന്നതിനും അദ്ദേഹത്തിന് സാധിച്ചു. അത്യുജ്വലങ്ങളായ തിരക്കഥകളും സംഭാഷണങ്ങളും കൊണ്ട് ചലച്ചിത്രവഴിയിലൂടെ തമിഴ് മനസ്സുകളെ കീഴടക്കിയ കരുണാനിധി ആ നാടിന്റെ രാഷ്ട്രീയ മനസ്സ് കൂടി കീഴടക്കിയെന്നത് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പ്രയോജനപ്പെടുന്ന വിഷയമാണ്.

കരുണാനിധിയുമായി എന്നും വളരെ ഊഷ്മളമായ ഒരു ബന്ധമാണ് നിലനിന്നിരുന്നത്. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ വ്യക്തിപരമായി കൂടി ഇത് വലിയ നഷ്ടമാണ്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞു എന്നുളളത് തീര്‍ച്ചയായും വ്യക്തിപരമായ ഒരു ആശ്വാസവുമാണ്. ഭാഷാപരമായും സംസ്‌കാരപരമായും ഉള്ള ഇന്ത്യയുടെ വൈവിധ്യത്തിന് എന്നും കാവല്‍ക്കാരനായി നിന്ന കരുണാനിധി ജാതിമതാദി വേര്‍തിരിവുകള്‍ക്കെതിരായ ഐക്യത്തിന്റെ വക്താവായികൂടിയാണ് എന്നും നിലകൊണ്ടതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button