തിരുവനന്തപുരം : മുസ്ലിം ലീഗിനെതിരെ പുതിയ സഖ്യകക്ഷിയുടെ പണിപ്പുരയിൽ സിപിഎം. മന്ത്രി കെടി ജലീലിനെയാണ് പുതിയകക്ഷിയുണ്ടാക്കാൻ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവിലുള്ള ചില ഇസ്ലാമിക പാർട്ടികൾ ജലീലിന്റെ പാർട്ടിയിൽ ലയിക്കും. ഇന്ത്യൻ സെക്കുലർ ലീഗെന്നാണ് പാർട്ടിക്ക് പേരിട്ടിരിക്കുന്നത്.പാർട്ടി രൂപീകരിച്ചാൽ ഇടതു മുന്നണിയിൽ സ്ഥാനം നൽകും. ചെറു പാർട്ടികളായ ഐഎൻഎൽ, നാഷണൽ സെക്കുലർ കോൺഫറൻസ് , മദനിയുടെ പിഡിപി തുടങ്ങിയവ മതേതര ചേരിയെ ശക്തിപ്പെടുത്താൻ പുതിയ പാർട്ടിയിൽ അണിചേരുമെന്നാണ് വാർത്ത.
എസ്.ഡി.പി.ഐ , വെൽഫെയർ പാർട്ടി തുടങ്ങിയവയെ കൂടീ സഹകരിപ്പിക്കാൻ ലക്ഷ്യമിടുന്നെങ്കിലും തത്കാലം അവരെ ഒഴിവാക്കി നിർത്താനാണ് ധാരണ.മുസ്ലിം ലീഗിന്റെ സ്വാധീന മേഖലകളിൽ കടന്നു കയറി വോട്ടു ബാങ്കിൽ വിള്ളലുണ്ടാക്കുകയെന്നതാണ് പാർട്ടിയുടെ ചുമതല. ഇന്ത്യൻ സെക്കുലർ ലീഗെന്ന് പേരുണ്ടെങ്കിലും ലീഗിനു തീവ്രതയില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി വിട്ടവരുടെ ഇന്ത്യൻ നാഷണൽ ലീഗും മദനിയുടെ പിഡിപിയുമൊക്കെ ഉൾപ്പെടുന്നുവെന്നതാണ് രസകരമായ കാര്യം.ജലീലിന്റെ നേതൃത്വത്തിൽ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ കേരളത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷി സ്ഥാനം ഇവർക്ക് നൽകാൻ തീരുമാനമുണ്ടായേക്കും.
സംസ്ഥാനത്ത് മാത്രമല്ല രാജ്യവ്യാപകമായി മുസ്ലിം സംഘടനകളെ പാർട്ടിയോട് സഹകരിപ്പിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ മേൽവിലാസമില്ലാത്ത സിപിഎമ്മിന് ഈ ചെറുപാർട്ടികളുടെ പിന്തുണയോട് കൂടി കുറച്ചു വോട്ടുകളെങ്കിലും നേടാൻ കഴിയുമെന്നാണ് വിശ്വാസം. ഭാവിയിൽ എസ്.ഡി.പി. ഐയെ കൂടെ കൂട്ടുമെന്നാണ് റിപ്പോർട്ട്. അതേസമയം തീവ്രമുസ്ലിം സംഘടനകളെ കൂടെ കൂട്ടി ഇന്ത്യൻ സെക്കുലർ ലീഗെന്ന് പേരിട്ട് ആരംഭിക്കാൻ പോകുന്ന പാർട്ടി എത്രത്തോളം മതേതരമാണെന്ന് പാർട്ടി അണികളിൽ നിന്നു തന്നെ ചോദ്യമുയരുന്നുണ്ട്.
പിവി അബ്ദുൾ വഹാബ് , കെടി ജലീൽ , പിടിഎ റഹീം , പിവി അൻവർ, കാരാട്ട് റസാഖ് എന്നിവർ പുതിയ പാർട്ടിയുടെ എം.എൽ.എ മാരായി മാറും..
Post Your Comments