തിരുവനന്തപുരം•കേരളത്തിന്റേത് മികച്ച വികസന മാതൃകയാണെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസി ഡയറക്ടര്‍ ഡോ.കാഞ്ച ഇളയ്യ പറഞ്ഞു. നിയമസഭയില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യയുടെ ആദ്യ ദളിത് പ്രസിഡന്റ് ആയി കെ.ആര്‍.നാരായണനും, ദളിത് ചീഫ് ജസ്റ്റീസ് ആയി ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും ഉയര്‍ന്നുവന്നത് ദളിത് പൗരസമൂഹത്തിന്റെ ഗര്‍ഭഗൃഹത്തില്‍ നിന്നാണ്. വിദ്യാഭ്യാസ പുരോഗതിയിലും സാമ്പത്തിക സ്ഥിതിയിലും ആരോഗ്യസൂചികയിലും കേരളത്തിലെ ദളിത് സമൂഹത്തിന്റെ സ്ഥിതിയും ദേശീയ സാഹചര്യവും അതുപോലെതന്നെ ഗുജറാത്തിലെ അവസ്ഥയും തമ്മിലുള്ള ഗൗരവമായ ഒരു താരതമ്യ പഠനം അനിവാര്യമാണ്. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് സംസ്ഥാനത്തെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്കു മുന്നില്‍ വയ്ക്കാന്‍ ശക്തമായ ആവശ്യങ്ങളുണ്ട്. ഭൂമിയുടെ പുനര്‍വിന്യാസവും മെച്ചപ്പെട്ട താമസസൗകര്യവുമാണ് അവര്‍ ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസവും സ്‌കോളര്‍ഷിപ്പുകളും ചേര്‍ന്ന് കേരളത്തിലെ എസ്.സി, എസ്.ടി.ക്കാരുടെ ഉന്നത വിദ്യാഭ്യാസ നിലവാരം കൂടുതല്‍ മത്സരാധിഷ്ഠിതമാക്കിയിട്ടുണ്ട്. ബജറ്റിലെ എസ്.സി/എസ്.ടി. പ്രത്യേക ഘടക പദ്ധതി എല്ലാ തലത്തിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതായിരിക്കണം. സര്‍ക്കാര്‍ മെച്ചപ്പെട്ട ശമ്പളം നല്‍കുന്നതിനാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസം സ്വകാര്യ വിദ്യാഭ്യാസത്തിനേക്കാള്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments