കോട്ടയം: പരിസ്ഥിതിനിയമം ലംഘിച്ച് കുന്നിടിച്ച് ഗോഡൗണ്‍ നിര്‍മിച്ച ഡിസി ബുക്സിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തില്‍. കുന്നിടിച്ച് മണ്ണെടുത്തതിനെ തുടര്‍ന്ന് സമീപവാസികളുടെ കുടിവെള്ളം മുട്ടിയതാണ് കാരണം. പുതുപ്പള്ളി പഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍പ്പെട്ട ചെന്നിക്കാട്ടുപടി ലക്ഷംവീട് കോളനിക്ക് സമീപമാണ് ഡിസി ബുക്സ് വലിയ കുന്നിടിച്ച് ഗോഡൗണ്‍ നിര്‍മിച്ചത്. റോഡിനോട് ചേര്‍ന്ന് ഒരേക്കറോളം സ്ഥലത്തെ മണ്ണാണ് ഗോഡൗണ്‍ നിര്‍മാണത്തിന് എടുത്തത്.
അനധികൃതമായ മണ്ണെടുപ്പിനെ എതിര്‍ത്ത നാട്ടുകാരില്‍ ചിലരെ ജോലി വാഗ്ദാനം ചെയ്ത് സ്വാധീനിച്ചു. ചിലരെ ഭീഷണിപ്പെടുത്തി. ചിലര്‍ക്ക് പണം കൊടുത്ത് നിശബ്ദരാക്കി. എന്നാല്‍ ഗോഡൗണ്‍ നിര്‍മാണം പൂര്‍ത്തിയായ ശേഷം നാട്ടുകാര്‍ക്ക് വാഗ്ദാനംചെയ്ത ജോലി നല്‍കിയതുമില്ല. മണ്ണെടുത്തതോടെ സമീപവാസികളുടെ കുടിവെള്ളം പൂര്‍ണമായും നിലച്ചു. കൂടാതെ കനത്ത മഴയില്‍ കുന്നിന്റെ ഒരുഭാഗം ഗോഡൗണിന്റെ മുകളിലേക്ക് വീണു.
വലിയ താഴ്ചയില്‍ മണ്ണെടുത്തതോടെയാണ് സമീപത്തെ സ്ഥലം കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇടിഞ്ഞു ഗോഡൗണിന്റെ മുകളില്‍ വീണത്. തുടര്‍ന്ന് ഗോഡൗണ്‍ ഭാഗികമായി തകര്‍ന്നു. ഇതേത്തുടര്‍ന്ന് ഇവിടെ സൂക്ഷിച്ചിരുന്ന സാധനസാമഗ്രികള്‍ മറ്റുസ്ഥലത്തേക്ക് മാറ്റി. ഡിസി ബുക്സിന്റെ നിയമലംഘനങ്ങള്‍ക്ക് റവന്യു അധികൃതര്‍ കണ്ണടയ്ക്കുകയാണ്. ഇതോടെയാണ് നാട്ടുകാര്‍ സമരത്തിന് ഇറങ്ങിയത്.
Post Your Comments