ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതി സ്വച്ഛ് ഭാരത് മിഷൻ 2019 ൽ ഉദ്ദേശിച്ച ലക്ഷ്യം പൂർത്തീകരിച്ചാൽ മൂന്നു ലക്ഷം ജീവനുകളെയെങ്കിലും പരോക്ഷമായി രക്ഷിച്ചിട്ടുണ്ടാകുമെന്ന് ലോകാരോഗ്യസംഘടന. നിലവിൽ അഭിനന്ദനീയമായ രീതിയിലാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് അഭിമാനിക്കാമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ കണക്കനുസരിച്ച് സ്വച്ഛ് ഭാരതിന്റെ ഭാഗമായുള്ള എല്ലാ ആരോഗ്യസേവനങ്ങളും ഉപയോഗിച്ചാൽ പതിനാലു ദശലക്ഷം വർഷം കൂടുതൽ ആരോഗ്യമുള്ള ജീവിതം സാദ്ധ്യമാകും.
വൃത്തിയില്ലായ്മ കാരണം 2014 നു മുൻപ് 199 ദശലക്ഷം വയറിളക്ക അസുഖ കേസുകൾ വർഷം തോറും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.ശൗചാലയ നിർമ്മാണത്തിൽ ഗ്രാമങ്ങളിൽ കൈവരിക്കേണ്ടിയിരുന്ന ലക്ഷ്യത്തിന്റെ 89 ശതമാനവും സർക്കാർ പൂർത്തിയാക്കിയെന്നും സംഘടന വിലയിരുത്തുന്നു. ആരോഗ്യ മേഖലയിൽ സ്വച്ഛ് ഭാരത് പദ്ധതി വൻ കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുക്കിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
സ്വച്ഛ് ഭാരത് പദ്ധതിക്ക് സർക്കാർ അനുവദിച്ച പതിനയ്യായിരം കോടി രൂപ ഇന്ത്യയുടെ മാത്രമല്ല അതുവഴി തെക്കൻ ഏഷ്യയുടേയും ആരോഗ്യ നിലവാര സൂചിക ഉയർത്തുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. നാലു ലക്ഷം ഗ്രാമങ്ങളെ തുറസ്സായ മലമൂത്ര വിസർജന വിമുക്തമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിൽ ഇതുവരെ 70 ശതമാനം ഗ്രാമങ്ങളെ തുറസ്സായ മലമൂത്ര വിസർജന വിമുക്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
Post Your Comments