കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ആസാം തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദ്വീപന്‍ പഥകും മറ്റ് രണ്ട് പാര്‍ട്ടി നേതാക്കളും രാജിവച്ചു. ബംഗാളികളെ ആസാമില്‍ നിന്നും പുറത്താക്കാനുള്ള നീക്കമാണ് പൗരത്വ രജിസ്റ്ററെന്ന മമതയുടെ ആരോപണത്തില്‍ പ്രതിഷേധിച്ചാണ് രാജി. ദ്വീപന്‍ പഥക്കിനു പുറമെ തൃണമൂല്‍ നേതാക്കളായ പ്രദീപ് പച്ചനി, ദിഗന്ത സൈക എന്നിവരാണ് രാജി വച്ചത്.
ആസാമികളുടെ വികാരത്തിന് യാതൊരു വിലയും നല്‍കാത്ത നിലപാടുകള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇപ്പോള്‍ മമത ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ സംസ്ഥാനത്ത് ആസാമികളും ബംഗാളികളും തമ്മില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനേ സഹായിക്കൂവെന്നും ദ്വീപന്‍ പഥക് പറഞ്ഞു. ആസാമില്‍ നിന്ന് ബംഗാളികളെ പുറത്താക്കാനാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ലക്ഷ്യമിടുന്നതെന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാദത്തോട് താന്‍ യോജിക്കുന്നില്ല. ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും നിരവധി പേര്‍ പുറത്തായിട്ടുണ്ട്. ഇതില്‍ അപ്പീല്‍ നല്‍കാനും അവര്‍ക്ക് അവസരമുണ്ട്. നിലവിലെ അവിടുത്തെ അവസ്ഥ മനസിലാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നും രാജി വച്ച ദിഗന്ത സൈക ആസാം വിരുദ്ധ പ്രസ്താവന നടത്തിയതിന് മമത ബാനര്‍ജിക്കെതിരെ കേസും നല്‍കിയിട്ടുണ്ട്. അതേസമയം ആസാമില്‍ പൗരത്വ രജിസ്‌ട്രേഷനെതിരെ പ്രചാരണത്തിനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ വച്ചാണ് എട്ടംഗ സംഘത്തെ തടഞ്ഞത്. എംഎല്‍എമാരും എംപിമാരും അടങ്ങുന്ന സംഘത്തെ നാലു മണിക്കൂറോളം തടഞ്ഞു വച്ചിരുന്നു.
Post Your Comments