ദമ്മാം: സ്പോൺസർ ശമ്പളം നൽകാതെയും, രോഗം വന്നപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാതെയും ദുരിതത്തിലായ മലയാളി വനിത, നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
എറണാകുളം സ്വദേശിനിയായ ശ്രീജയ്ക്കാണ് പ്രവാസജീവിതം ദുരിതങ്ങൾ സമ്മാനിച്ചത്. ഒന്നര വർഷം മുൻപാണ് ശ്രീജ ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. വളരെ ദുരിതം നിറഞ്ഞ ജോലിസാഹചര്യങ്ങളാണ് ശ്രീജയ്ക്ക് നേരിടേണ്ടി വന്നത്.ശമ്പളം കൃത്യമായി കിട്ടിയിരുന്നില്ല. ഒഴിവുകഴിവുകൾ പറഞ്ഞു പറഞ്ഞു, ആറു മാസത്തെ ശമ്പളം കുടിശ്ശികയായപ്പോൾ, ശ്രീജ ശരിയ്ക്കും വിഷമത്തിലായി.കഠിനമായ ജോലിയും, വിശ്രമമില്ലായ്മയും അവരെ തളർത്തി. കാലിൽ അലർജി വന്ന് നടക്കാൻ പോലും പ്രയാസം നേരിട്ടപ്പോൾ, ഹോസ്പിറ്റലിൽ കൊണ്ട് പോകണമെന്ന് സ്പോൺസറോട് ആവശ്യപ്പെട്ടെങ്കിലും അയാൾ സമ്മതിച്ചില്ല. ജീവിതം വഴിമുട്ടിയ സാഹചര്യം ആയപ്പോൾ, ആരുമറിയാതെ ആ വീട്ടിൽ നിന്നും പുറത്തു കടന്ന്, ദമ്മാം ഇന്ത്യൻ എംബസ്സി ഹെൽപ്പ് ഡെസ്ക്കിൽ പോയി പരാതി പറഞ്ഞു. എംബസ്സി അധികൃതർ ഈ വിവരം അറിയിച്ചതനുസരിച്ച്, അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ, ശ്രീജയെ സൗദി പോലീസിന്റെ സഹായത്തോടെ ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു.
ശ്രീജയുടെ സ്പോൺസറുമായി നവയുഗം ജീവകാരുണ്യപ്രവർത്തകർ പലപ്രാവശ്യം ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെങ്കിലും അയാൾ വഴങ്ങിയില്ല. ഒരു ദിവസം അഭയകേന്ദ്രത്തിൽ എത്തിയ അയാൾ, ശ്രീജയുടെ പാസ്സ്‌പോർട്ട് അവിടെ ഏൽപ്പിച്ചിട്ട് ആരുമറിയാതെ മുങ്ങി.
സ്പോണ്സർക്കെതിരെ നിയമനടപടികൾക്ക് പോകാനായി നവയുഗം ജീവകാരുണ്യപ്രവർത്തകർ ഉപദേശിച്ചപ്പോൾ, തനിയ്ക്ക് എങ്ങനെയും എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങിയാൽ മതി എന്ന നിലപാടെടുത്ത ശ്രീജ, അതിന് തയ്യാറായില്ല. തുടർന്ന് മഞ്ജു മണിക്കുട്ടൻ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ശ്രീജയ്ക്ക് ഫൈനൽ എക്സിറ്റ് അടിച്ചു നൽകി. മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ചു, പെരുമ്പാവൂർ പ്രവാസി അസ്സോസ്സിയേഷൻ ഭാരവാഹിയായ വർഗ്ഗീസ് , ശ്രീജയ്ക്ക് വിമാനടിക്കറ്റ് സൗജന്യമായി നൽകി.
നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു ശ്രീജ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments