ആഗസ്റ്റ് 15 ആം തീയതി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 120 കോടി ഭാരതീയരില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിനമായി ഈ പ്രത്യേക ദിവസം തന്നെ എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടു എന്ന വസ്തുത. ആഗസ്റ്റ് 14 ആയപ്പോള്‍ ഇന്ത്യയില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്ന ബ്രിട്ടീഷുകാര്‍ പാതിരാത്രി സ്വാതന്ത്ര്യം കൊടുത്തിട്ട് രായ്ക്കുരാമാനം നാടുവിട്ടു എന്നായിരിക്കും മിക്ക ഇന്ത്യാക്കാരുടെയും ധാരണ. എന്നാല്‍ സത്യം ഇതല്ല. ഇന്ത്യ ഏതു ദിവസം സ്വതന്ത്രമാകണം എന്നു തീരുമാനിച്ചതുപോലും ബ്രിട്ടീഷുകാരാണ്. അതിന് അവര്‍ തീരുമാനിച്ച തീയതിയാകട്ടെ ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യാക്കാരനെയും ലജ്ജിപ്പിക്കുന്നതും.
ജപ്പാന്റെ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസത്തിന്റെ ഓര്‍മ്മയ്ക്കാണ് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം അതേ ദിവസം തന്നെ മൗണ്ട്ബാറ്റന് പ്രഭു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ ആഗ്രഹസാക്ഷാല്ക്കാരത്തെപ്പോലും തങ്ങളുടെ സാമ്രാജ്യത്വ അഹങ്കാരത്തിന്റെ ഓര്മ്മദിവസമാക്കി മാറ്റാനുള്ള ബ്രിട്ടീഷുകാരന്റെ തന്ത്രമാണ് ഇവിടെ ജയിച്ചത്.
അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. സ്വാതന്ത്ര്യലബ്ദിയുടെ ഹര്‍ഷാരവങ്ങളേക്കാള്‍ വിഭജനത്തിന്റെ മുറിപ്പാടുകളില്‍ നിന്നുയരുന്ന ദീനരോദനങ്ങളായിരുന്നു ആ ദിവസത്തെ മുഖരിതമാക്കിയത്. 1947 ആഗസ്റ്റ് 15 ഒരിക്കലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല ദിവസമായിരുന്നില്ല. രാജ്യത്തെമ്പാടും പൊട്ടിപ്പുറപ്പെട്ട ഹിന്ദുമുസ്ലീം വര്‍ഗീയകലാപങ്ങള്‍, ജനിച്ചുവളര്‍ന്ന നാട്ടില്‍ ഒറ്റ രാത്രികൊണ്ട് അന്യരും വിദേശികളുമാകേണ്ടി വന്ന ലക്ഷക്കണക്കിനുപേര്‍, അഭയാര്‍ത്ഥി പ്രവാഹങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, ശിശുമരണങ്ങള്‍, പട്ടിണിയുടെയും പകര്‍ച്ചവ്യാധികളുടെയും രൂപത്തില്‍ മരണം സംഹാരതാണ്ഡവാടി. മതങ്ങളും ദൈവങ്ങളും കൂടി മണ്ണുപങ്കുവെച്ചപ്പോള് ആയിരക്കണക്കിനു മനുഷ്യര്‍ തെരുവില്‍ മരിച്ചുവീണു. വര്‍ഗീയകലാപങ്ങള്‍ കണ്ട് മനസുമടുത്ത ഗാന്ധിജി സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കാതെ മാറിനിന്നു.
1947 ആഗസ്റ്റ് 15നു ശേഷവും ബ്രിട്ടീഷുകാരന് തന്നെയാണ് ഇന്ത്യ ഭരിച്ചത്. ഇന്ത്യയുടെ പരമാധികാരിയായി മൗണ്ട്ബാറ്റന് പ്രഭു അധികാരത്തില്‍ തുടര്‍ന്നു. ഇടയ്ക്ക് മൗണ്ട്ബാറ്റന് വിക്ടോറിയ രാജ്ഞിയുടെ വിവാഹത്തിനു സംബന്ധിക്കാന്‍ ബ്രിട്ടണില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്നത് സി. രാജഗോപാലാചാരി ആയിരുന്നു. അദ്ദേഹത്തിന്റെ കൃത്യനിര്‍വഹണത്തില്‍ സംപ്രീതനായ പ്രഭു തന്റെ പിന്‍ഗാമിയായി ആചാരിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ 1947നു ശേഷവും ഇന്ത്യ ബ്രിട്ടീഷുകാരന്റെ കടിഞ്ഞാണില്ത്തന്നെ ആയിരുന്നു എന്നര്‍ത്ഥം. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് 1950 ജനുവരി 26ന് സ്വന്തം ഭരണഘടനയോടു കൂടി ഇന്ത്യ ഒരു റിപ്പബ്ലിക് ആയി മാറിയപ്പോഴാണ്.
Post Your Comments