Latest NewsKerala

ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇന്ന് രാവിലെയോടെ വീണ്ടും ജലനിരപ്പ് ഉയരുകയായിരുന്നു

ഇടുക്കി: ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 2395.78 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ മഴ കുറഞ്ഞതിനാല്‍ ഡാമിലെ ഒഴുക്ക് കുറഞ്ഞിരുന്നു. അതിനാല്‍ ഡാം തുറക്കേണ്ടി വരില്ലെന്നായിരുന്നു അധികൃതരുടെ നിഗമനം. എന്നാല്‍ ഇന്ന് രാവിലെയോടെ വീണ്ടും ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

നിലവിലെ ജലമൊഴുക്ക് കണക്കാക്കി ജലനിരപ്പ് 2397 പിന്നിട്ടാല്‍ ട്രയല്‍റണ്‍ നടത്താന്‍ ആലോചിക്കുന്നു. അതിനുശേഷമേ തുറക്കൂ. അടിയന്തര ഘട്ടത്തില്‍ ചെറുതോണി ഷട്ടര്‍ തുറക്കാന്‍ ഭരണകേന്ദ്രവും സര്‍വ സജ്ജമായിട്ടുണ്ട്. ഡാം സൈറ്റില്‍തന്നെ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജലനിരപ്പ് 2398ലോ 2399ലോ എത്തിയാലേ തുറക്കാനുള്ള സാഹചര്യം നിലവിലുള്ളൂവെന്ന നിഗമനത്തിലാണ് കെഎസ്ഇബിയും ജില്ലാ ഭരണകേന്ദ്രവും. ഒറ്റയടിക്ക് ഡാം തുറക്കില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചിട്ടുണ്ട്.

Also Read : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് : ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംഭരണശേഷി 2403 ആണ്. സംഭരണശേഷിയുടെ 91.06 ശതമാനത്തിലെത്തി. ചൊവ്വാഴ്ച 36.6 മി. മീറ്റര്‍ മഴ രേഖപ്പെടുത്തി. മൂലമറ്റത്ത് അഞ്ച് ജനറേറ്ററുകളില്‍നിന്നും 15.051 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുള്ള ചെറുതോണി ഡാം ഗേയ്റ്റില്‍തന്നെയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചത്. ജലനിരപ്പ് 2395 പിന്നിട്ട് അതിജാഗ്രതാ നിര്‍ദേശം നല്‍കിയശേഷം ഓരോമണിക്കൂര്‍ ഇടവിട്ട് ജലനിരപ്പ് നോക്കുന്ന ചുമതലയും കണ്‍ട്രോള്‍ റൂമിനാണ്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആശങ്കകള്‍ക്ക് ഇടനല്‍കാതെ ട്രയല്‍റണ്‍ നടത്തി തുറക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button