Latest NewsKerala

മീശ പ്രസിദ്ധീകരിക്കാൻ തയ്യാറാണെന്ന് ഡി സി ബുക്‌സ്, വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കുന്നെന്ന് പ്രതിഷേധക്കാർ

മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് വിദേശ ക്രിസ്ത്യന്‍ വനിത ഗെയില്‍ ട്രെഡ്വെല്‍ എഴുതിയ ആരോപണ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഡിസിയുടെ നിലാപട് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു .

കൊച്ചി:  വായനക്കാരുടെയും ഹിന്ദു വിശ്വാസികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്തുകാരന്‍ മാതൃഭൂമി പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്‍വലിച്ച നോവല്‍ ഡി.സി ബുക്‌സ് പുറത്തിറക്കുന്നു. ‘എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം.’

‘അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു, താങ്കളുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെ, ഡിസി ബുക്‌സ്’.ഇതായിരുന്നു ഇതു സംബന്ധിച്ച് ഡിസി ബുക്‌സിന്റെ ഫേസ് ബുക്ക് പ്രതികരണം. എന്നാല്‍ ഡിസി ബുക്‌സിന്‍രെ ഈ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഡിസി ബുക്‌സ് വായനക്കാരെയും ഒരു മതവിഭാഗത്തെയും അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്ര വിശ്വാസികളെ ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്ത ‘മീശ’ എന്ന നോവലില്‍ മൂന്നു ലക്കം പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോള്‍ പൊതുജന എതിര്‍പ്പിനെ തുടര്‍ന്ന് ‘മാതൃഭൂമി’ വാരികയുടെ അഭ്യര്‍ഥന പ്രകാരം നോവലിസ്റ്റ് എസ്. ഹരീഷ് നിര്‍ത്തിവെച്ചിരുന്നു.

നോവല്‍ പൂര്‍ത്തിയായി, അതിന്റെ ഉള്ളടക്കം ഉള്‍ക്കൊള്ളാന്‍ സമൂഹം പക്വമായെന്ന് ഉറപ്പായ ശേഷം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഹരീഷ് പ്രസ്താവന ഇറക്കിയത്. പൊടുന്നനെയാണ് ഡിസി പുസ്തക പ്രകാശനം പ്രഖ്യാപിച്ചത്. മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് വിദേശ ക്രിസ്ത്യന്‍ വനിത ഗെയില്‍ ട്രെഡ്വെല്‍ എഴുതിയ ആരോപണ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഡിസിയുടെ നിലാപട് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button