Latest NewsKerala

ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; ഭീതിയോടെ ജനങ്ങള്‍

ജലനിരപ്പ് 2,399 അടിയിലെത്തുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കി ഡാം തുറക്കുമെന്നാണു അറിയിച്ചിരിക്കുന്നത്

ഇടുക്കി : ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ജലനിരപ്പ് 2395.26 അടിയായി ഉയര്‍ന്നു. വീണ്ടും ജലനിരപ്പ് ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്തും. ജലനിരപ്പ് 2,399 അടിയിലെത്തുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കി ഡാം തുറക്കുമെന്നാണു അറിയിച്ചിരിക്കുന്നത് ജലനിരപ്പ് 2395 അടി ആയതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രാത്രി എട്ട് മണിക്ക് എടുത്ത കണക്കില്‍ 2394.96 അടിയായിരുന്നു ജലനിരപ്പ്. 2395 ല്‍ ജലനിരപ്പ് എത്താന്‍ ഇനി വേണ്ടത് 0.04 അടി മാത്രമാണ്. ഇന്നു മൂന്നുമണിവരെയുള്ള കണക്കുകള്‍ പ്രകാരം 2394.80 അടിയായിരുന്നു ജലനിരപ്പ്. ‘ജലനിരപ്പ് 2395 അടിയിലെത്തിയ ഉടനെ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.

Also Read : ഇടുക്കി ഡാം; തെറ്റായ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അധികൃതർ

റെഡ് അലര്‍ട്ട് നല്‍കി 15 മിനിറ്റിനു ശേഷം തുറക്കും. അതിനുമുമ്പേ സുരക്ഷാക്രമീകരണം പൂര്‍ത്തിയാക്കും. മുന്നറിയിപ്പ് നല്‍കിയ ശേഷമേ ഷട്ടര്‍ തുറക്കൂ. പകല്‍ മാത്രമേ അണക്കെട്ടു തുറക്കാവൂ എന്ന് വൈദ്യുതി മന്ത്രിയും നിര്‍ദേശിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ നടത്താന്‍ ആദ്യം ആലോചിച്ചത്. 40 സെന്റിമീറ്റര്‍ തുറക്കാനായിരുന്നു നീക്കം.  ഇങ്ങനെ തുറന്നാല്‍ സെക്കന്‍ഡില്‍ 1,750 ഘനയടി വെള്ളം പുറത്തേക്കു വരുമെന്നാണ് കണക്കാക്കുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ പെരിയാര്‍ തീരത്ത്, അപകടമേഖലയില്‍ താമസിക്കുന്ന ജനത്തെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാര്‍പ്പിക്കും.

മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുക. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണു തീരുമാനം. അതേസമയം ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആശങ്കാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button