ഭര്‍ത്താവ് സ്റ്റിയുവര്‍ട്ടും രണ്ടു മക്കളുമൊത്ത് ഗ്രീസില്‍ അവധിയാഘോഷിക്കുകയായിരുന്ന നതാലിയെന്ന 37-കാരിയുടെ മരണത്തിനിടയാക്കിയത് ഒരുനേരം കഴിച്ച വേവാത്ത ചിക്കന്‍. നല്ല ആരോഗ്യവതിയായിരുന്ന നതാലിയുടെ മരണത്തിനിടയാക്കിയത് ചിക്കനില്നിന്നുള്ള ഭക്ഷ്യവിഷബാധയാണെന്നും വേവാത്ത ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ നതാലി ഒന്നര ദിവസംകൊണ്ട് മരണത്തിന് കീഴടങ്ങിയെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ കൊറോണേഴ്സ് കോടതിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ ബോധിപ്പിച്ചു.
ശരീരം മുഴുവന്‍ രക്തം കട്ടപിടിച്ചാണ് നതാലി മരണത്തിന് കീഴടങ്ങിയതെന്നും കോടതിയില്‍ സമര്‍പ്പിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. നതാലിയുടെ ജനിതക ഘടനയിലെ തകരാര്കൊണ്ടുകൂടിയാകാം വേവാത്ത ചിക്കനില്‍നിന്ന് ഇത്രയും മാരകമായ ഭക്ഷ്യവിഷബാധയുണ്ടായതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഹേര്ട്സിലെ ഹാര്പന്ഡന് സ്വദേശിയാണ് മരിച്ച നതാലി. ട്രയാത്ത്ലണ് താരം കൂടിയായ ഇവര്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ശരീരത്തിലെ മുഴുവന്‍ രോമകൂപങ്ങളില്‍നിന്നും രക്തം വാര്‍ന്ന അവസ്ഥയിലായിരുന്നു നതാലിയെന്ന് ഭര്‍ത്താവ് സ്റ്റിയുവര്‍ട്ട് കോടതിയില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 13-നാണ് സ്റ്റിയുവര്‍ട്ടും കുടുംബവും ഗ്രീക്ക് ദ്വീപായ കോര്‍ഫുവിലേക്ക് പോയത്. താമസിച്ച ഹോട്ടലില്‍ രണ്ടോ മൂന്നോ റസ്റ്ററന്റുകളുണ്ടായിരുന്നു. ഇതില്‍ ബുഫെ റസ്റ്ററന്റില്നിന്നാണ് നാലുപേരും ഒരുമിച്ച് ഭക്ഷണം കഴിച്ചത്.
താനും മക്കളും പാസ്തയും ബ്രെഡും സോസേജുമാണ് കഴിച്ചതെന്ന് സ്റ്റിയുവര്‍ട്ട് പറഞ്ഞു. നതാലി ചിക്കന്‍, സാലഡ്. ചെമ്മീന്‍ തുടങ്ങിയവയാണ് കഴിച്ചത്. നതാലി ചിക്കന്‍ കടിച്ചപ്പോള്ത്തന്നെ അതില്‍നിന്ന് രക്തം വരുന്നതുകണ്ട് താന്‍ അത് കഴിക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചതായും സ്റ്റിയുവര്ട്ട്് പറഞ്ഞു. തുടര്‍ന്ന് ആ കഷ്ണം മാറ്റി വേറൊരു പീസെടുത്ത് കഴിക്കാന്‍ തുടങ്ങി. അതിനു ശേഷം തിരികെ ഹോട്ടൽമുറിയിലെത്തിയപ്പോൾ തന്നെ തനിക്കെന്തോ അസ്വസ്ഥത തോന്നുന്നുവെന്ന് നതാലി പരാതിപ്പെട്ടു. പുലര്‍ച്ച മൂന്നുമണിയോടെ കടുത്ത വയറിളക്കവും ഛര്‍ദിയും തുടങ്ങി. രാവിലെ ഡോക്ടര്‍വന്ന് പരിശോധിച്ചു.
എന്തോ പകര്‍ച്ചവ്യാധിയാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. സ്റ്റ്യുവര്ട്ടിനോടും മക്കളോടും മാറിനില്‍ക്കാനും ആവശ്യപ്പെട്ടു. 11 മണിയായപ്പോഴേക്കും തീരെ അവശനിലയിലായ നതാലിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് സ്റ്റ്യുവര്‍ട്ട് പറഞ്ഞു. ഉച്ചയ്ക്ക് ഒരുമണിയോടെ ആംബുലന്‍സ് എത്തുകയും നതാലിയെ കോര്‍ഫു ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. അന്ന് പാതിരാത്രിയോടെ ആദ്യം നോക്കിയ ഡോക്ടര്‍ ഹോട്ടലിലെത്തുകയും സ്റ്റിയുവര്ട്ടിനോട് എത്രയും പെട്ടെന്ന് ആശുപത്രിയിലെത്താൻ അവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് അവിടെയെത്തുമ്പോള്‍ ശരീരമാസകലം രക്തം കിനിയുന്ന അവസ്ഥയിലായിരുന്നു അവര്‍. ദ്വീപില്‍നിന്ന് ഗ്രീസിലെ ഏതെങ്കിലും നല്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതാണ് നല്ലതെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. പിറ്റേന്ന് ഉച്ചയായപ്പോഴേക്കും നതാലിയുടെ ആരോഗ്യനില തീര്‍ത്തും വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു.
Post Your Comments