ഓണം എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത് സദ്യയാണ്. വാഴയിലയില്‍ പല കറികളും പായസവും കൂട്ടി കഴിക്കുന്ന സദ്യ. ഈ ഓണക്കാലത്ത് രുചികരമായ മാമ്പഴപ്പായസം തയ്യാറാക്കാം
ആവശ്യമായ ചേരുവകള്‍
മാമ്പഴം – 1 കിലോ
ശര്‍ക്കര – 800ഗ്രാം മുതല്‍ 1 കിലോ വരെ
തേങ്ങാപ്പാല്‍ – മൂന്നാം പാല്‍, രണ്ടാം പാല്‍, ഒന്നാം പാല്‍ (ഓരോ കപ്പ് വീതം)
പശുവിന്‍ പാല്‍ -മുക്കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍
ചെറു തേന്‍ – 4 ടീസ്പൂണ്‍
നെയ്യ് – 4 ടീസ്പൂണ്‍
മാമ്പഴം ചെറുതായി മുറിച്ചത്- ഒരു കപ്പ്
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
മാമ്പഴം മൂടിനില്‍ക്കത്ത രീതിയില്‍ വെള്ളമൊഴിച്ച് വേവിക്കുക. മാമ്പഴത്തിന്റെ മധുരവും പുളിയും അളവും അനുസരിച്ചാണ് ശര്‍ക്കര പായസത്തിനു ഉപയോഗിക്കാം. ആവശ്യമായ ശര്‍ക്കര തിളപ്പിച്ച് പാനിയാക്കുക. വെന്ത മാമ്പഴം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. അതിനു ശേഷം ശര്‍ക്കരപാനിയിലേക്ക് മാമ്പഴം ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. വെള്ളം വറ്റും വരെ ചൂടാക്കി ഇളക്കിക്കൊടുക്കുക. നെയ്യ് ചേര്‍ത്ത് വീണ്ടും ഇളക്കുക.
പാത്രത്തില്‍ പറ്റിപ്പിടിച്ചു കരിയാതെ ഇരിക്കുവാന്‍ വേണ്ടി തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. വറ്റിത്തുടങ്ങിയാല്‍ മൂന്നാം പാല്‍ ഒഴിക്കാം. നന്നായി തിളച്ചതിന് ശേഷം അരിച്ചെടുക്കുക. ഇനി മുറിച്ചെടുത്ത മാമ്പഴക്കഷണങ്ങല്‍ ഇതില്‍ ചേര്ക്കുക മാമ്പഴക്കഷണങ്ങള്‍ പായസത്തില്‍ അധികം വേവാതെ കിടക്കുന്നത് പായത്തെ കൂടുതല്‍ സ്വാദിഷ്ടമാക്കും.
വെള്ളം വറ്റിവരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കുക. കുറുകിവരുമ്പോള്‍ ഏലയ്ക്കാപ്പൊടി പശുവിന്‍ പാലില്‍ കലക്കി ചേര്‍ത്ത് ഒഴിക്കുക. കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക. ചേര്‍ത്തയുടന്ന്‍ അടുപ്പില്‍ നിന്നും വാങ്ങിയ ശേഷം വറുത്ത കശുവണ്ടി ചേര്‍ക്കുക. അതിനു ശേഷം ചെറു തേന്‍ ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. രുചിയൂറും മാമ്പഴപ്പായസം റെഡി
Post Your Comments