ദമ്മാം: ഏറെ പ്രതീക്ഷകളുമായി പ്രവാസ ജോലിയ്ക്കെത്തിയ മലയാളി യുവാവിന് ജോലിസ്ഥലത്ത് നേരിടേണ്ടി വന്നത് മനുഷ്യത്വമില്ലാത്ത പീഡനങ്ങളായിരുന്നു. ഒടുവിൽ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
പത്തനംതിട്ട തിരുവല്ല കുടിയാടി സ്വദേശിയായ കെ.ജി.സനീഷ് എന്ന യുവാവിനാണ് പ്രവാസജീവിതം ദുരിതമയമായത്. സനീഷ് ആറുമാസം മുൻപാണ് ദമ്മാം ജമായിലുള്ള ഒരു സൗദി ഭവനത്തിൽ ഹൗസ് ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. സ്പോൺസർ നല്ല ആളായിരുന്നു. എന്നാൽ സ്പോണ്സറുടെ മകൻ വല്ലാത്ത സ്വഭാവക്കാരനായിരുന്നു. ജോലിസ്ഥലത്ത് ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യപ്പെട്ട് അയാൾ സനീഷിനെ മർദ്ദിയ്ക്കാൻ തുടങ്ങി. സ്പോൺസറോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല.
സനീഷിനെ ഇങ്ങനെ മർദ്ദിയ്ക്കുന്നതു കണ്ട പരിസരവാസികളായ ചിലർ വിളിച്ച് അറിയിച്ചത് അനുസരിച്ചാണ് നവയുഗം ജീവകാരുണ്യവിഭാഗത്തിന് ഈ വിവരം ലഭിച്ചത്. നവയുഗം ജീവകാരുണ്യപ്രവർത്തകരായ സക്കീർ ഹുസ്സൈൻ, പദ്മനാഭൻ മണിക്കുട്ടൻ, ഷൗക്കത്ത് പെരിന്തൽമണ്ണ എന്നിവർ ഈ കേസിൽ ഇടപെടുകയും, സനീഷിനെ അവിടെ നിന്നും രക്ഷിച്ച്, ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കുകയും, ലേബർ കോടതിയിൽ കൊണ്ടുപോയി സ്പോണ്സർക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ലേബർ ഓഫിസർ പിറ്റേന്ന് തന്നെ സ്പോൺസറെ വിളിച്ചു വരുത്തുകയും, സനീഷിന് ഫൈനൽ എക്സിറ്റ് നൽകി നാട്ടിലേയ്ക്ക് അയയ്ക്കാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. സ്പോൺസർ ആദ്യം വഴങ്ങിയില്ലെങ്കിലും, സക്കീർ ഹുസ്സൈൻ സനീഷിന്റെ മെഡിക്കൽ റിപ്പോർട്ട് സ്പോൺസറെ കാണിച്ച്, മകനെതിരെ പൊലീസിൽ കേസ് കൈമാറിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ബോധ്യമാക്കി കൊടുത്തതോടെ, അയാൾ വഴങ്ങി. അങ്ങനെ സനീഷിന് ഫൈനൽ എക്സിറ്റ് അടിച്ചു നൽകി. സനീഷിന്റെ സഹോദരൻ വിമാനടിക്കറ്റ് അയച്ചു കൊടുത്തു. നവയുഗത്തിന് നന്ദി പറഞ്ഞു സനീഷ് നാട്ടിലേയ്ക്ക് മടങ്ങി.
Also read : എപ്പിലെപ്സി രോഗിയെ വിമാനത്തിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് എമിറേറ്റ്സ്
Post Your Comments