Latest NewsArticleKerala

മുല്ലപ്പെരിയാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍

കാലവര്‍ഷക്കെടുതികളുടെ ദുരിതം ഒഴിയുന്നില്ല. മധ്യ കേരളത്തില്‍ ശക്തമായ കാലവര്‍ഷത്തില്‍ പതിനഞ്ചില്‍ അധികം മരണവും കനത്ത നാശ നഷ്ടങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. ഈ ദുരിതമഴയില്‍ വീണ്ടും ആശങ്ക നിറച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട്. കുറച്ചു കാലത്തെ വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും മുല്ലപ്പെരിയാറും ഇടുക്കി അണക്കെട്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്ക് പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളമുണ്ട്. റിസര്‍വോയറില്‍ സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്. മഴ തുടരുന്നതുകൊണ്ട് ശക്തമായ നീരൊഴുക്കാണ്.

1992 ലാണ് ഇടുക്കി അണക്കെട്ട് ഇതിനു മുന്പ് തുറന്നുവിട്ടത്. അതിനുശേഷം തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇടുക്കിയില്‍ ജലനിരപ്പ് ഇത്രയും ഉയരുന്നത് ആദ്യമാണ്. ഈ സീസണില്‍ ഇടുക്കിയില്‍ 192.3 സെന്‍റിമീറ്റര്‍ മഴ ലഭിച്ചു. 49 ശതമാനം കൂടുതലാണിത്. അതുകൊണ്ട് തന്നെ സംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വെള്ളം തുറന്നു വിടുന്നതിനെക്കുറിച്ചുള്ള ആലോചന ശക്തമാണ്. എന്നാല്‍ ഇരു സംഭരണികളിലെയും ഷട്ടറുകൾ പെട്ടെന്നു തുറന്നാൽ പെരിയാർ തീരത്ത് വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടത്തിനും ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.

പ്രതീകാത്മക ചിത്രം

മുല്ലപ്പെരിയാർ തുറന്നാൽ 36 കിലോമീറ്റർ ഒഴുകി ഇടുക്കി സംഭരണിയിലേക്കാണ് വെള്ളമെത്തുക. ഇതിനിടയിൽ പെരിയാർ തീരത്ത് കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. ഇപ്പോൾത്തന്നെ വള്ളക്കടവുമുതൽ ഉപ്പുതറവരെ നദീതീരത്ത് വെള്ളം ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസത്തെ പേമാരിയിൽ ഒട്ടേറെ ടൗണുകളിൽ വെള്ളം കയറുകയും ചെയ്തു. അതുകൊണ്ട് തന്നെ അണക്കെട്ടിലെ വെള്ളം കൂടി തുറന്നു വിട്ടാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. ഇപ്പോള്‍ തന്നെ ഇടുക്കി സംഭരണിയിലെ വെള്ളം ഉപ്പുതറ പഞ്ചായത്തിലെ തോണിത്തടിവരെ എത്തിയിട്ടുണ്ട്. ഈ ഘട്ടത്തിൽ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിലെത്തിയാൽ പ്രശ്നം സങ്കീർണമാവും. ഈ അവസരത്തിലാണ് കുറേശ്ശെയെങ്കിലും തുറന്നു വിടാന്‍ ആലോചിക്കുന്നത്.

damമുല്ലപ്പെരിയാറിനു താഴെ പെരിയാർ തീരത്ത് ആറു പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ആശങ്കയിലുള്ളത്. പെട്ടെന്ന് വെള്ളമെത്തിയാൽ ഈ ഭാഗത്തെ ടൗണുകൾ വെള്ളത്തിലാവും. അതിലൂടെ ഉണ്ടാകുന്ന അപകടം ഒഴിവാക്കാൻ 142 അടിയിൽ എത്തുന്നതിനുമുമ്പ് പതിയെ ഷട്ടറുകൾ തുറന്ന് ഒഴുക്ക് നിയന്ത്രിക്കുകയോ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുകയോ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതിനൊപ്പം ഭീഷണിയായി ചോര്‍ച്ചയും. അണക്കെട്ടിന്റെ പുറംചുവരുകളിലെ ചോർച്ച മുമ്പുണ്ടായിരുന്നപോലെ ദൃശ്യമായിത്തുടങ്ങിയിരിക്കുകയാണ്. ബേബിഡാമിന്റെ അസ്ഥിവാരത്ത് നീരൊഴുക്കും കൂടിയിരിക്കുകയാണ്.

അണക്കെട്ടിലെ വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങൾ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളില്‍ നിന്നു തയാറാക്കിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍, ഈ കെട്ടിടങ്ങളില്‍ താമസിക്കുന്ന വരെക്കുറിച്ചുളള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്. റവന്യൂ, ജലവിഭവ വകുപ്പുകളും കെഎസ്ഇബിയും ചേര്‍ന്നാണ് സര്‍വെ നടത്തുക. ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എറണാകുളം ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button