KeralaLatest News

ഇടുക്കി ഡാം തുറന്നാൽ വലിയ നാശനഷ്ടങ്ങളുണ്ടാകുമെന്ന് സൂചന : അടിയന്തര യോഗം ഉടൻ ചേരും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാൽ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തും. ചെറുതോണി അണക്കെട്ട് തുറന്നാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായേക്കുമെന്നാണ് സൂചന. അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം കടന്നുപോകേണ്ട പെരിയാറിന്റെ ഇരുകരകളിലും വ്യാപക കൃഷിനാശമുണ്ടാകും. പെരിയാര്‍ കയ്യേറിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും കൃഷിയും പുഴയുടെ വിസ്തൃതി പലയിടത്തും നാലിലൊന്നാക്കി ചുരുക്കിയതാണ് ഇതിന് കാരണം. 1992ലാണ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നുവിട്ടത്. പക്ഷെ അന്ന് വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല.

തുറന്നുവിട്ട വെള്ളമൊഴുകി പോകാനുള്ള വിസ്തൃതി പെരിയാറിനുണ്ടായിരുന്നു. എന്നാല്‍ 1992 ന് ശേഷം 26 വര്‍ഷങ്ങള്‍ നീണ്ട കയ്യേറ്റങ്ങള്‍ പുഴയെ ശുഷ്കിപ്പിച്ചു. 2392.42 അടിയാണു അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2400 അടിയിലെത്തുമ്പോൾ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണു തീരുമാനം. ജലനിരപ്പ് 2395 അടിയിലെത്തുമ്പോൾ കെഎസ്ഇബി രണ്ടാമത്തെ ജാഗ്രതാ നിർദേശമായ ഓറഞ്ച് അലർട്ട് നൽകും. ആദ്യ ജാഗ്രതാ നിർേദശം വ്യാഴാഴ്ച നൽകിയിരുന്നു. സംഭരണശേഷിയുടെ 87.34 ശതമാനം വെള്ളം ഇപ്പോൾ അണക്കെട്ടിലുണ്ട്.

92ല്‍ അണക്കെട്ട് തുറന്നപ്പോള്‍ ദൃക്സാക്ഷിയായിരുന്നവരും ആശങ്കയോടെയാണ് ചെറുതോണി അണക്കെട്ട് തുറക്കാനുള്ള സാധ്യതയെ കാണുന്നത്. പുഴയുടെ മധ്യഭാഗത്ത് വരെ മണ്ണിട്ട് നികത്തി കൃഷി ചെയ്യുന്നുണ്ട് ഇത് നീരൊഴുക്കിന്റെ ഗതി മാറ്റുമോയെന്നും നാട്ടുകാര്‍ ഭയക്കുന്നു. കയ്യേറ്റഭൂമിയിലുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കില്ലെന്നു മന്ത്രി എം എം മണി പ്രഖ്യാപിച്ചു.അണക്കെട്ടിനോട് ചേര്‍ന്ന് പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

വീട്ടുസാധനങ്ങളും മറ്റും ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ മാറ്റി സുരക്ഷിതമാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കലക്ട്രേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button