കൊച്ചി : സംസ്ഥാനത്ത് 100 കോടിയുടെ ചരക്ക്, സേവന നികുതി വെട്ടിപ്പ് കണ്ടെത്തി. പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് സെൻട്രൽ ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തി. പേരിനു മാത്രം ജിഎസ്ടി റജിസ്ട്രേഷൻ ഉള്ള ചിലരുടെ ബില്ലുകൾ ഉപയോഗിച്ച് പ്ലൈവുഡും പ്ലൈവുഡ് നിർമാണത്തിനുപയോഗിക്കുന്ന വെനീറും (മരം ചെത്തിയെടുക്കുന്ന നേർത്ത പാളികൾ) ഇതര സംസ്ഥാനങ്ങളിലേക്കു കയറ്റിയയച്ചാണു തട്ടിപ്പു നടത്തിയത്.
നൂറു കോടിയോളം രൂപയുടെ വെട്ടിപ്പാണു കണ്ടെത്തിയത്. ജിഎസ്ടി നിലവിൽ വന്നതിനു ശേഷം സംസ്ഥാനത്തു പിടികൂടുന്ന ഏറ്റവും വലിയ വെട്ടിപ്പാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്ലൈവുഡ് സ്ഥാപന ഉടമ പെരുമ്പാവൂർ വല്ലം സ്വദേശി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണിതിനു പിറകിലെന്നും ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.
Read also:വ്ളാഡിമിര്‍ പുടിന്‍റെ ക്ഷണം സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്
ഹൈദരാബാദ്, കോയമ്പത്തൂർ, ബെംഗളൂരു, സേലം എന്നിവിടങ്ങളിൽ സിജിഎസ്ടി ഇന്റലിജൻസ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ പെരുമ്പാവൂരിൽനിന്നുള്ള ബില്ലുകൾ പിടിച്ചെടുത്തിരുന്നു. ഈ ബില്ലുകൾ ഉപയോഗിച്ച് ജിഎസ്ടിയിൽനിന്ന് ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുത്തെന്നും ബില്ലിൽ പറഞ്ഞ സ്ഥാപനങ്ങളിൽനിന്നല്ല ചരക്കുകൾ വാങ്ങിയതെന്നും ഈ സ്ഥലങ്ങളിലെ വ്യാപാരികൾ സിജിഎസ്ടി ഉദ്യോഗസ്ഥരോടു സമ്മതിച്ചിട്ടുണ്ട്.
സിജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ലാത്ത ചെറുകിട യൂണിറ്റുകൾ ഉൽപാദിപ്പിച്ച പ്ലൈവുഡും വെനീറുമാണു വിറ്റതെന്നും കണ്ടെത്തിയിട്ടുണ്ട്. 18% ആണ് പ്ലൈവുഡിനു ജിഎസ്ടി അടയ്ക്കേണ്ടത്. ജിഎസ്ടി അടയ്ക്കാത്ത ചരക്കുകളുടെ പേരിൽ, തുല്യമായ ഇൻപുട് ടാക്സ് ക്രെഡിറ്റ് അന്യസംസ്ഥാനങ്ങളിലെ വ്യാപാരികൾ എടുത്തതുകൊണ്ട് കനത്ത നഷ്ടമാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുണ്ടായത്.
Post Your Comments