KeralaLatest News

പ്രവര്‍ത്തനോദ്ഘാടനത്തിനു ഒരുങ്ങി മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉന്നത നിലവാരത്തില്‍ സജ്ജമാക്കിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് എത്രയും വേഗം പ്രവര്‍ത്തനോദ്ഘാടനം നടത്തി രോഗികള്‍ക്ക് തുറന്നുകൊടുക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനം.

വിവിധതരം തീവ്ര പരിചരണ വിഭാഗമായതിനാല്‍ ഉപകരണങ്ങള്‍ വിന്യസിച്ച് ട്രയല്‍ റണ്ണിന് ശേഷം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ബാക്കിയുള്ളവ പുതുതായി നിയമിക്കുകയും ചെയ്യും. വെന്റിലേറ്റര്‍ സംവിധാനമുള്ള നൂറോളം ഐ.സി.യു. കിടക്കകളാണിവിടെയൊരുക്കുന്നത്. തുടക്കത്തില്‍ 60 എണ്ണമാണ് പ്രവര്‍ത്തിക്കുക. ഇത് പ്രവര്‍ത്തനസജ്ജമാക്കുന്നതോടെ മറ്റേതൊരു സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മികച്ച സേവനം ഈ ബ്ലോക്കില്‍ ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ജെറിയാട്രിക് വിഭാഗത്തില്‍ പി.ജി. കോഴ്‌സ് ആരംഭിക്കുന്നതിനുള്ള നടപടിയെടുക്കാനും പുതിയ അത്യാഹിത വിഭാഗവും ട്രോമകെയര്‍ സംവിധാനവും വേഗത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

കെട്ടിടത്തിന്റേതുള്‍പ്പെടെ സാങ്കേതിക അനുമതികളൊന്നും ലഭിക്കാതെ രണ്ട് വര്‍ഷം മുമ്പ് കെട്ടിടം മാത്രമാണ് പൂര്‍ത്തിയാക്കിയിരുന്നത്. അതിനാവശ്യമായ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളും സജ്ജമാക്കിയിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 6 കോടി രൂപ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുവദിച്ചു. സാങ്കേതിക അനുമതി കിട്ടാനും കെട്ടിട നമ്പര്‍, വൈദ്യുതി, വെള്ളം എന്നിവയുടെ അനുമതി കിട്ടാനും ബുദ്ധിമുട്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി അതിനുള്ള തടസങ്ങള്‍ നീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വിവിധ സ്‌പെഷ്യാലിറ്റികളുടെ തീവ്രപരിചരണ വിഭാഗങ്ങളാണ് പ്രധാനമായും ഈ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സമന്വയിപ്പിച്ചിരിക്കുന്നത്. വിപുലീകരിച്ച ആധുനിക മോര്‍ച്ചറി, വയോജനങ്ങളുടെ സമ്പൂര്‍ണ ചികിത്സയ്ക്കായുള്ള ജെറിയാട്രിക് വിഭാഗം, സര്‍ജറി-ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ ഐ.സി.യു., മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു., ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കാനായുള്ള കാര്‍ഡിയാക് ഐ.സി.യു., ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ ഓപ്പറേഷന്‍ നടത്തുന്നതിനുള്ള കാര്‍ഡിയോ തൊറാസിക് ഓപ്പറേഷന്‍ തീയറ്റര്‍-ഐ.സി.യു. എന്നിവയാണ് ഈ ബഹുനില മന്ദിരത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.

സവിശേഷതകള്‍

തറനിരപ്പിന് താഴെ -2: പാര്‍ക്കിംഗും അനുബന്ധ സൗകര്യങ്ങളും

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് ഏരിയ, ഇലക്ട്രിക്കല്‍ സ്റ്റേഷന്‍, പമ്പിംഗ് റൂം, മെയിന്റനന്‍സ് റൂം, കൂട്ടിരുപ്പുകാര്‍ക്കുള്ള ഡൈനിംഗ് റൂം എന്നിവയാണ് തറനിരപ്പിന് താഴെയുള്ള ജി-2ല്‍ ഒരുക്കിയിരിക്കുന്നത്.

തറനിരപ്പിന് താഴെ -1 : ആധുനിക മോര്‍ച്ചറി

ആധുനിക രീതിയിലുള്ള മോര്‍ച്ചറി സംവിധാനമാണ് ജി-1ന്റെ ഏറ്റവും വലിയ സവിശേഷത. 48 മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം ഈ മോര്‍ച്ചറിയിലുണ്ട്. ഒരേ സമയം 3 പോസ്റ്റുമോര്‍ട്ടങ്ങള്‍ ചെയ്യാനുള്ള സംവിധാനം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന മൃതദേഹത്തിന്റെ ദുര്‍ഗന്ധം പോസ്റ്റുമോര്‍ട്ടം റൂമില്‍ തങ്ങിനില്‍ക്കാത്ത വിധത്തിലുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ക്വസ്റ്റ് തയ്യാറാക്കാനുള്ള ഇന്‍ക്വസ്റ്റ് റൂം, വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുനുള്ള ക്ലാസ് റൂം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

തറനിരപ്പ്: ജെറിയാട്രിക്‌സ്

വയോജനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇവിടെ ജെറിയാട്രിക് വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായിട്ടാണ് വയോജനങ്ങളുടെ സമ്പൂര്‍ണ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം ഒരുക്കിയിരിക്കുന്നത്. സ്ത്രീപുരുഷന്മാര്‍ക്കായി 16 കിടക്കകള്‍ വീതമുള്ള 2 വാര്‍ഡുകളാണുള്ളത്. ജെറിയാട്രിക് വിഭാഗത്തില്‍ പി.ജി. കോഴ്‌സും ആരംഭിക്കുന്നതാണ്.

ഒന്നാം നില: സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ ഐ.സി.യു.

അപകടങ്ങളിലൂടെ വിവിധ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായവരെ ചികിത്സിക്കുന്ന സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗങ്ങളുടെ ഐ.സി.യു. ആണ് ഒന്നാം നിലയില്‍ ക്രമീകരിച്ചിരിക്കുന്നത്. തലയ്ക്ക് ക്ഷതം ഏറ്റവരെ ചികിത്സിക്കാനുള്ള ന്യൂറോ ഐ.സി.യു.വില്‍ 18 കിടക്കകളും സര്‍ജറി ഐ.സി.യുവില്‍ 18 കിടക്കകളുമുണ്ട്.

രണ്ടാം നില: മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.

വിവിധ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കുമായി പ്രത്യേകം സജ്ജമാക്കിയതാണ് രണ്ടാം നിലയിലെ അനസ്തീഷ്യ വിഭാഗത്തിന്റെ മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു. അപകടങ്ങള്‍, മാരകമായ അസുഖങ്ങള്‍, പകര്‍ച്ചപ്പനി, വലിയ ഓപ്പറേഷനുകള്‍ എന്നീ പലതരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ രോഗികള്‍ക്ക് തീവ്ര പരിചരണം നല്‍കാനുദ്ദേശിച്ചു കൊണ്ടുള്ളതാണ് 32 കിടക്കകളുള്ള ഈ ഐ.സി.യു. ഇതില്‍ 16 കിടക്കകള്‍ അതീവ ഗുരുതരമായ രോഗികള്‍ക്കു വേണ്ടിയും 16 കിടക്കകള്‍ അപകടനില തരണം ചെയ്ത രോഗികള്‍ക്ക് വേണ്ടിയുമുള്ളതുമാണ്.

മൂന്നാം നില: കാര്‍ഡിയോളജി

ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കാനായാണ് മൂന്നാം നില സജ്ജമാക്കിയിരിക്കുന്നത്. കാത്ത് ലാബ്, എക്കോ ലാബ്, 16 കിടക്കകളുള്ള ഐ.സി.യു, 16 കിടക്കകളുള്ള സ്റ്റൈപ് ഡൗണ്‍ ഐ.സി.യു. എന്നിവയാണ് ഇവിടെയുള്ളത്.

നാലാം നില: കാര്‍ഡിയോ തൊറാസിക് സര്‍ജറി

ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ഓപ്പറേഷന്‍ നടത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ഓപ്പറേഷന്‍ തീയറ്ററുകള്‍ നാലാം നിലയില്‍ ഒരുക്കിയിരിക്കുന്നു. 16 കിടക്കകളുള്ള ഐ.സി.യു.വും 16 കിടക്കകളുള്ള പ്രത്യേക പരിചരണ വിഭാഗവും ഇവിടെയുണ്ട്.

Also read : പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button