തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശര്‍മയുടെ പ്രസ്താവനക്കെതിരെ കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. പ്രസ്താവന ദുരൂഹമാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നതിന് വേണ്ടിയാണോ ഇത്തരം പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന കമ്മിഷന്റെ നടപടി ഭരണഘടനാ ലംഘനമാണ്. അതിനാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ക്രിസ്തീയ സഭയെ അവഹേളിക്കുന്ന നിലപാടാണ് ദേശീയ വനിതാ കമിഷന്റേത്. ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു സംഭവത്തില്‍ വേണ്ടത്ര അന്വേഷണമില്ലാതെയാണ് കമിഷന്റെ ശുപാർശ. കമിഷന്‍ അധികാര പരിധി ലംഘിച്ചു. പ്രസ്താവന ക്രിസ്തീയ വിശ്വാസത്തെ സംശയത്തിന്റെ നിഴലിലാക്കാൻ കാരണമായി. അവരവരുടെ വിശ്വാസം അനുഷ്ഠിക്കാന്‍ ഓരോ മത വിഭാഗങ്ങള്‍ക്ക് അ സ്വാതന്ത്ര്യമുണ്ട്. ആരും ആരെയും നിര്‍ബന്ധിക്കാറില്ല. പൗരന് അനുവദിക്കുന്ന ഈ അവകാശത്തിന്റെ ലംഘനമാണ് കമ്മിഷന്റേത്.
ജീവന് ബലി കഴിച്ചും മരണം വരെ കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് പുരോഹിതന്‍മാര്‍. തെറ്റുകള്‍ക്കുള്ള മനശാസ്ത്ര പരിഹാരവും കൂടിയാണ് കുമ്പസാരം. മനുഷ്യരുടെ കൂട്ടമായ സഭയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്ന് താന്‍ സമ്മതിക്കുന്നു. സഭയെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദത്തില്‍ പുരോഹിതന്മാര്‍ തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തല്‍, ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും, കുമ്പസാരം നിരോധിക്കണമെന്നത് സര്‍ക്കാരിന്റെ നിലപാടല്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്‌താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
Also read : കുമ്പസാര നിരോധനത്തെ കുറിച്ച് കാതോലിക്കാ ബാവയുടെ പ്രതികരണം ഇങ്ങനെ
Post Your Comments