Latest NewsIndia

സ്വപ്‌നം കാണാന്‍ പഠിപ്പിച്ച അഗ്നിച്ചിറകുകള്‍ പറന്നകന്നിട്ട് ഇന്ന് മൂന്ന് വര്‍ഷം

സ്വപ്നം കാണുക… സാക്ഷാത്കാരത്തിനായി അക്ഷീണം പ്രയത്‌നിക്കുക… ജീവിതം കൊണ്ടിത് അടയാളപ്പെടുത്തുകയായിരുന്നു എപിജെ അബ്ദുള്‍ കലാം. സ്വപ്‌നം കാണാന്‍ പഠിപ്പിച്ച അഗ്നിച്ചിറകുകള്‍ പറന്നകന്നിട്ട് ഇന്ന് മൂന്ന് വര്‍ഷം. രാജ്യത്തെ പ്രചോദിപ്പിച്ച, പുതിയ തലമുറയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയെ ഉയരങ്ങളിലേക്കെത്തിച്ച മനുഷ്യന്‍. വിശേഷണങ്ങള്‍ക്കതീതമാണ് അബ്ദുള്‍ കലാം എന്ന ആ വലിയ മനുഷ്യന്‍. ഐ.എസ്.ആര്‍.ഒയില്‍ തുടങ്ങി പൊഖ്‌റാനിലൂടെ ഇന്ത്യന്‍ രാഷ്ട്രപതി പദം അലങ്കരിച്ച കലാമിന് ഏറ്റവും പ്രിയം കുട്ടികളായിരുന്നു.

‘സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക… സ്വപ്നങ്ങള്‍ ചിന്തകളായി മാറും”. ചിന്തകള്‍ പ്രവൃത്തിയിലേക്ക് നയിക്കും. കലാം ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ആ വാചകങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. എവിടെ കുട്ടികളെ കണ്ടാലും രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ തെറ്റിക്കുമായിരുന്ന അദ്ദേഹം, അവരോട് സംവദിക്കാന്‍ കിട്ടിയ ഒരു അവസരവും പാഴാക്കിയില്ല. ഒടുവില്‍ 2015ല്‍ ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോഴായിരുന്നു മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തത്.

അവുല്‍ പക്കീര്‍ ജൈനലബ്ദീന്‍ അബ്ദുള്‍ കലാമെന്ന എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം ഇല്ലായ്മകളെ അഗ്‌നിച്ചിറകുകളാല്‍ കീഴടക്കിയ വിജയഗാഥ തന്നെയായിരുന്നു. 1931ല്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച കലാം ഭാരതരത്‌നമായതിന് പിന്നില്‍ ലാളിത്യത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും കഥയുണ്ട്. രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയായ പാക്ഷി ലക്ഷ്മണ ശാസ്ത്രിയും പിതാവായ ജൈനലബ്ദീനും തമ്മിലുള്ള സൗഹൃദത്തില്‍നിന്ന് മതമൈത്രിയുടെ ഇഴയടുപ്പം ചെറുപ്രായത്തിലേതൊട്ടറിഞ്ഞു.

Also Read : അബ്ദുള്‍ കലാമിന്റെ പാത പിന്തുടര്‍ന്ന് കോവിന്ദും പൊതു ഖജനാവ് ദുരുപയോഗം നിറുത്തുന്നു

പത്രം വിതരണം ചെയ്തും കക്ക പെറുക്കിയും നടന്ന പ്രഭാതങ്ങളില്‍ നിന്ന് ജീവിതത്തേയും. പിന്നീട് സതീഷ് ധവാനില്‍ നിന്നും വിക്രം സാരാഭായിയില്‍ നിന്നും ബഹിരാകാശത്തിന്റെ അനന്ത വിസ്മയങ്ങളേയും. ബഹിരാകാശ പഠനത്തിന് ശേഷം ഡി.ആര്‍.ഡി.ഒ, കടഞഛ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. ഭാരതത്തിന്റെ മിസൈല്‍ മാന്‍ എന്ന വിശേഷണത്തിന് പിന്നില്‍ നേട്ടങ്ങളുടെ നീണ്ട പട്ടിക. 2002ല്‍ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

രാഷ്ടപതി ഭവന്റെ ഔപചാരികതകള്‍ക്കപ്പുറം ജനകീയനായി. എളിയ ജീവിതം കൊണ്ട് പ്രിയങ്കരനായി. സമര്‍ത്ഥനായ രാജ്യതന്ത്രഞ്ജനായി. 2007ല്‍ സ്ഥാനമൊഴിഞ്ഞ ശേഷം അധ്യാപനത്തിലും പ്രസംഗത്തിലും എഴുത്തിലും മുഴുകി. മരണം ആകസ്മികമായി കടന്നുവന്നതും അത്തരത്തിലൊരു വേദിയില്‍ വെച്ചായിരുന്നു. 2015 ജൂലൈ 27ന് ഷില്ലോങ്ങില്‍ ഒരു പ്രഭാഷണ പരിപാടിയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

ശാസ്ത്ര സാങ്കേതിക രംഗത്ത് ഭാരതത്തിനു എണ്ണിയാല്‍ തീരാത്ത സംഭാവനകള്‍ സമ്മാനിച്ച കലാം, 2002 ജൂലൈ 25 നു ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി അധികാരമേറ്റു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബി. ജെ. പി ആണ് അബ്ദുള്‍ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നല്‍കിയത്. കോണ്ഗ്രസ് ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് പിന്തുണ നല്‍കി. രാജ്യത്തെ ഇടതു പാര്‍ട്ടികള്‍ മലയാളി കൂടിയായ ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്ഥാനാര്‍ഥി. ആക്കിയങ്കിലും കൊളീജിയം സംവിധാനത്തിലുടെ നടന്ന തിരഞ്ഞെടുപ്പില്‍ കലാം വന്‍ ഭുരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുളള അഞ്ചു വര്‍ഷക്കാലം രാജ്യം കണ്ടത് കര്‍മ്മ നിരതനായ ഒരു രാഷ്ടപതിയെയായിരുന്നു.

യുവാക്കളെ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിലും, മറ്റു രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും കിട്ടിയ അവസരം കലാം നന്നായി വിനയോഗിച്ചു. ഇന്ത്യയില്‍ രാഷ്ട്രപതി എന്നത് വെറും ഒരു റബ്ബര്‍ സ്റ്റാമ്പ് പദവിയാണന്നു പ്രസംഗിച്ചു നടന്നവര്‍ക്ക് താക്കീതു നല്കുന്നതായിരുന്നു ആ അഞ്ചു വര്‍ഷക്കാലം. രാഷ്ട്രപതി സ്ഥാനത്ത്നിന്ന് വിരമിച്ച ശേഷവും രാഷ്ട്ര സേവന പ്രവര്‍ത്തനങ്ങളില്‍ കലാംജി നിറഞ്ഞു നില്ക്കുന്നു. മിസൈല്‍ മനുഷ്യന്‍ എന്ന വിശേഷണത്തില്‍ നിന്നും ഭാരതത്തിന്റെ പ്രഥമ പൗരനായി വളര്‍ന്ന അബ്ദുള്‍ കലാമിന്റെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ് രാഷ്ട്രം. ഒരിക്കലും മറക്കാത്ത ഓര്‍മകളോടെ……..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button