തിരുവനന്തപുരം: മരിച്ചവരുടെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കതിരെ കര്‍ശന നടപടി എടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇപ്പോഴും ഒട്ടനേകം പേര്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞെന്നും, സ്വയം ഒഴിവായില്ലെങ്കില്‍ കൈപ്പറ്റിയ മുഴുവന്‍ പണവും തിരിച്ചുപിടിക്കുമെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
Read also : മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടേയും സ്വത്തു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പെന്‍ഷന് പരലോകത്തും അവകാശികളുണ്ട്. ഒന്നും രണ്ടുമല്ല, ഭൂവാസം വെടിഞ്ഞ ഏതാണ്ട് പത്തമ്പതിനനായിരം ആത്മാക്കളാണ് പെന്‍ഷന്‍ തുക കൊണ്ട് അങ്ങേ ലോകത്ത് സുഭിക്ഷമായി ജീവിക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ച് ഇതില്‍പ്പരം ആനന്ദമെന്ത്?
ഇനി പറയുന്ന കാര്യം തമാശയല്ല. മരണപ്പെട്ടവരുടെ പേരില്‍ ഇപ്പോഴും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നു എന്ന കാര്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ പട്ടികയും തയ്യാറാക്കിക്കഴിഞ്ഞു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഡാറ്റാബേസിലെ വിവരങ്ങളും പഞ്ചായത്തുകളിലെ ജനനമരണ രജിസ്റ്ററിലെ വിവരങ്ങളും താരതമ്യപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയനുസരിച്ച് നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന 31256 പേര്‍ പഞ്ചായത്ത് രേഖകള്‍ പ്രകാരം ജീവിച്ചിരിപ്പില്ല.
എല്ലാ മരണവും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി ഇപ്പോഴുമില്ല. അക്കാര്യം നമുക്കൊക്കെ അറിയാം. രണ്ടു ഡാറ്റാബേസിലെ വിവരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോാഴുള്ള ക്ലറിക്കല്‍ പ്രശ്നങ്ങള്‍ വേറെ. ഈ പരിമിതികളൊക്കെ മറികടന്നാണ് 31256 പേര്‍ ലിസ്റ്റില്‍പ്പെട്ടത്. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ എണ്ണം അമ്പതിനായിരം കവിയുമെന്നു തീര്‍ച്ചയായും ഉറപ്പിക്കാം.
ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയിലാണ് (5753). രണ്ടും മൂന്നും സ്ഥാനങ്ങള്‍ തൃശൂര്‍ (5468), കോഴിക്കോട് (4653) ജില്ലകള്‍ക്കാണ്. പാലക്കാടും (4286) തിരുവനന്തപുരവും (4016) തൊട്ടു പിന്നിലുണ്ട്. ഇത്തരം കള്ളത്തരം ഏറ്റവും കുറവ് കാസര്‍കോട് (337), ഇടുക്കി (239) ജില്ലകളാണ്.
രേഖകള്‍ പ്രകാരം മരണപ്പെട്ടവരെന്നു കാണുന്നവരുടെ പെന്‍ഷന്‍ വിതരണം ഓണക്കാലത്ത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഓരോ പഞ്ചായത്തിനും പട്ടിക നല്‍കും. പട്ടികയിലുള്‍പ്പെട്ടവര്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന് പഞ്ചായത്ത് സെക്രട്ടറി അന്വേഷിച്ചു റിപ്പോര്‍ട്ടു ചെയ്യണം. പട്ടികയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ എല്ലാവര്‍ക്കും ഒരു അവസരം തരുന്നു. സര്‍ക്കാര്‍ കണ്ടുപിടിക്കുകയാണെങ്കില്‍ ഇത്തരത്തില്‍ കൈപ്പറ്റിയ മുഴുവന്‍ പണവും തിരിച്ചു പിടിക്കും.
Post Your Comments