Latest NewsKerala

അക്യുപങ്ചര്‍ ചികിത്സയുടെ മറവില്‍ വ്യാപകമായി തട്ടിപ്പ് : വ്യാജ പരിശീലകർ പെരുകുന്നു , യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം

കൊല്ലം: കരുനാഗപ്പള്ളിയില്‍ അക്യുപങ്ചര്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഹീലര്‍ ഹസ്സന്‍കുഞ്ഞിന് വേണ്ടത്ര ചികിത്സാ പരിചയം ഇല്ലെന്നു പോലീസ് കണ്ടെത്തി. മാവേലിക്കര അറുനൂറ്റിമംഗലം തെക്കേക്കര ചെറുകുന്നം അരുണാലയത്തില്‍ പവിത്രന്റെ മകന്‍ പ്രശാന്ത് ബാബു (30) ആണ് ദുരൂഹ സാഹചര്യത്തില്‍ മണപ്പള്ളിയിലെ ചികിത്സാലയത്തില്‍ മരണപ്പെട്ടത്. മുന്‍പ് മീന്‍ കച്ചവടം നടത്തി വരികയായിരുന്ന ഹസ്സന്‍കുഞ്ഞ് യാതൊരു പരിശീലനവും നേടിയിട്ടുള്ള ആളല്ല.

ഇയാളുടെ മകൾ ചെന്നൈയിൽ കേന്ദ്രത്തില്‍ അക്യുപങ്ചര്‍ ഹീലിങ്ങിന്റെ പരിശീലനത്തിന് പോകുന്നുണ്ടായിരുന്നു. ഇവിടെ വെച്ചാണ് ഇയാൾ ഈ ചികിത്സാരീതിയെ പറ്റി മനസ്സിലാക്കിയത്. ശേഷം നാലു വര്‍ഷമായി കൊല്ലം ജില്ലയിലും പത്തനംതിട്ടയിലും ഇയാള്‍ ചികിത്സ നടത്തിവരികയായിരുന്നു. മരുന്ന് രഹിത ചികിത്സയാണ് അക്യുപങ്ചര്‍ എങ്കിലും ഇയാള്‍ രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കാറുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. രോഗിയുടെ സൈക്കോളജി മനസ്സിലാക്കി അതിനനുസരിച്ച്‌ വിവരങ്ങള്‍ സംസാരിച്ച്‌ മനസ്സില്‍ രോഗമുണ്ട് എന്ന ഭീതി മാറ്റി എടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഇതോടെ മിക്ക രോഗങ്ങളും കുറയുകയും ഫലം കാണുകയും ചെയ്യും. ഇതായിരുന്നു ഇവരുടെ രീതി. നഴ്സിങ് ബിരുദദാരിയായ പ്രശാന്തിന്റെ ശരീരത്തില്‍ ചെറിയ മുഴകള്‍ കാണപ്പെട്ടിരുന്നതിനെ തുടര്‍ന്നാണ് ഹസ്സന്‍കുഞ്ഞിന്റെ മണപ്പള്ളിയിലെ ചികിത്സാലയത്തില്‍ എത്തിയത്. ശരീരത്തില്‍ കെട്ടികിടക്കുന്ന കൊഴുപ്പ് കാരണമാണ് മുഴകള്‍ ഉണ്ടാകുന്നതെന്നും വണ്ണം കുറച്ച്‌ കൊഴുപ്പ് നിയന്ത്രണവിധേയമാക്കണം എന്നും ഹസന്‍കുഞ്ഞ് നിര്‍ദ്ദേശിച്ചു. ഇതിനേ തുടര്‍ന്ന് ഭക്ഷണത്തില്‍ പ്രശാന്തിന് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. കൂടെ അക്യുപങ്ചര്‍ ചികിത്സയും.

ആറ് മാസത്തെ ചികിത്സയ്ക്കിടെ പ്രശാന്തിന്റെ ശരീരം ക്ഷീണിക്കുകയും കുറച്ച്‌ മുഴകള്‍ മാറുകയും ചെയ്തു. ഇതോടെ മാതാപിതാക്കള്‍ക്കും പ്രശാന്തിനും ചികിത്സയില്‍ വിശ്വാസമായി. എന്നാല്‍ തുടര്‍ന്ന് പ്രശാന്തിന്റെ ആരോഗ്യം ദിനംപ്രതി ക്ഷീണിച്ച്‌ വരിക ആയിരുന്നു. കഴിഞ്ഞ 20 ദിവസമായി തീര്‍ത്തും അവശനായ പ്രശാന്ത് പരസഹാമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായി. വാ പൊട്ടി പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലേക്കും എത്തി. ഇത് ദുഷിച്ച കൊഴുപ്പ് വെളിയിൽ വരുന്നതാണെന്ന് ഇയാൾ വീട്ടുകാരെ വിശ്വസിപ്പിച്ചു.

ഈ സമയത്തും ഇതെല്ലാം രോഗം ഭേദമാകുന്നതാണെന്ന് പറഞ്ഞുവെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രശാന്തിന്റെ അവസ്ഥ കണ്ട് ബന്ധുക്കള്‍ മറ്റ് ചികിത്സക്ക് പോകാന്‍ നിര്‍ബന്ധിച്ചുവെങ്കിലും ഹസന്‍കുഞ്ഞിലും അക്യൂപങ്ചര്‍ ചികിത്സയിലും അമിതവിശ്വാസമായിരുന്ന പ്രശാന്തും മാതാപിതാക്കളും ചെവിക്കൊണ്ടില്ല. കഴിഞ്ഞ ദിവസം തീരേ അവശനായ പ്രശാന്തിനേ മണപ്പള്ളിയിലെ ചികിത്സാകേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ പള്‍സ് പരിശോധിച്ച്‌ മറ്റ് എവിടെ എങ്കിലും കൊണ്ടുപോകാന്‍ ഹസന്‍കുഞ്ഞ് നിര്‍ദ്ദേശിക്കുകയായിരുന്നു.

ബന്ധുക്കള്‍ ഓച്ചിറ പരബ്രഹ്മ സൂപ്പര്‍ സ്പെഷ്യാലിറ്റി പോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുന്‍പ് തന്നെ പ്രശാന്ത് മരണത്തിന് കീഴടങ്ങിയിരുന്നു. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കരുനാഗപ്പള്ളി പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button