അഞ്ജു പാര്വതി പ്രഭീഷ്
സാഹിത്യകൃതികൾക്കെതിരെയുളള വിലക്കുകളും പ്രതിഷേധങ്ങളും കേരളത്തിൽ പുതുമയുളള സംഭവമാണോ? മീശയ്ക്കും ഹരീഷിനും വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന നിങ്ങളുടെ ഇരട്ടത്താപ്പിന്റെയും ഇരവാദത്തിന്റെയും മുഖം യഥാർത്ഥ അക്ഷരസ്നേഹികൾക്ക് മനസ്സിലായി കഴിഞ്ഞു.സാത്താന്റെ വചനങ്ങളും ലജ്ജയുമൊക്കെ വിലക്കിന്റെ രുചിയറിഞ്ഞ അക്ഷരക്കൂട്ടുകളായിരുന്നു. പി.എം.ആൻറണിയെന്ന മലയാള നാടക ആക്റ്റിവിസ്റ്റിന്റെ “ക്രിസ്തുവിന്റെ ആറാം തിരുമുറിവ്” എന്ന നാടകം സഭയുടെ എതിർപ്പ് മൂലം നിരോധിച്ചതിനെ അന്ന് ഏറ്റവും അനുകൂലിച്ചത് നായനാർ സർക്കാർ ആയിരുന്നു. അന്ന് അത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പട്ടികയിലെഴുതാൻ എന്തേ പുരോഗമനവാദികൾക്ക് കഴിഞ്ഞില്ല?
സൂര്യകാന്തി തിയറ്റേഴ്സിന്റെ ബാനറിൽ അവതരിപ്പിക്കപ്പെട്ട നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും സർക്കാർ ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. 1986-ൽ ആലപ്പുഴയിലെ ഏതാനും അരങ്ങുകൾക്കുശേഷം തൃശൂർ നഗരത്തിൽ അവതരിപ്പിക്കാനിരിക്കെയാണ് സഭ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ക്രൈസ്തവർ ക്രിസ്തുവിന്റെ ശരീരത്തിൽ അഞ്ചു തിരുമുറിവുകൾ ഉണ്ടെന്നു വിശ്വസിക്കുന്നു. എന്നാൽ നാടകത്തിൽ ക്രിസ്തുവിന്റെ ഹൃദയത്തിലും ഒരു മുറിവ് സംഭവിച്ചെന്നും അങ്ങനെ ആറ് മുറിവുകൾ ക്രിസ്തുവിന്റെ ശരീരത്തിലുണ്ടെന്നു നാടകത്തിൽ വ്യഖ്യാനിക്കുന്നു. ഇതായിരുന്നു വിവാദകാരണമായി മാറിയത്. ഇതെന്തേ കഥാകൃത്തിന്റെ ആവിഷ്കാരസ്വാതന്ത്ര്യവും ഭാവനാവൈഭവവുമായി വാഴ്ത്തപ്പെട്ടില്ല?
സൽമാൻ റഷ്ദിയുടെ സാത്താന്റെ വചനങ്ങൾ എന്നത് ആദ്യം നിരോധിച്ചത് ബംഗാളിലെയും കേരളത്തിലെയും ഇടത് സർക്കാരുകൾ ആയിരുന്നു.ലജ്ജ എന്ന തസ്ലിമ നസ്രീന്റെ പുസ്തകം ആദ്യം നിരോധിച്ചത് ബംഗാളിലെയും കേരളത്തിലെയും ഇടത് സർക്കാരുകൾ ആയിരുന്നു. മാത്രമോ തസ്ലിമ നസ്രീനെ ബംഗാളിൽ നിന്ന് അടിച്ചോടിച്ചത് ജ്യോതിബസു സർക്കാർ ആയിരുന്നു. അന്നൊക്കെ എന്തേ മാനവികതയും മതേതരത്വവും ആവിഷ്കാരസ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്ന സഖാക്കൾ പ്രതിഷേധിച്ചില്ല?
ഇനിയും ഒട്ടേറെയുണ്ട് ഇരട്ടത്താപ്പുകൾ. 2016 ഡിസംബറിൽ ഭാഷാപോഷിണിയിലെ ടോം വട്ടക്കുഴിയുടെ ചിത്രത്തിന്റെ പേരിൽ ദീപികയും കത്തോലിക്കാ സഭയും നാട്ടിൽ അരാജകത്വവും കലാപവും അഴിച്ചുവിട്ടത് എന്തിന്റെ പേരിലായിരുന്നു? അന്ന് വൈദികർ തെരുവിലിറങ്ങി ഗുണ്ടകളെ പോലെ മനോരമ പത്രം കത്തിച്ചിരുന്നു. അന്ന് ടോമിനു വേണ്ടി ഒരാളും വാദിച്ചില്ല. പളളിമേടകളിൽ അവിശുദ്ധബന്ധങ്ങളുടെ മെഴുകുതിരികൾ കത്തുന്നതിനെ കുറിച്ച് എന്ത് കൊണ്ട് ഒരു സാഹിത്യകാരനും തങ്ങളുടെ ഭാവനാസൃഷ്ടികളിൽ എഴുതുന്നില്ല? സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു കന്യാസ്ത്രീ എഴുതിയ ആമേൻ എന്ന പുസ്തകത്തെ എന്തുകൊണ്ട് പുരോഗമനവാദികൾ പുകഴ്ത്തിയില്ല.സഭയുടെ വോട്ടാകുന്ന അപ്പക്കഷണങ്ങളുടെ രുചിക്ക് വേണ്ടി മാത്രം നിലപാടുകളെ തരാതരം മാറ്റുന്ന അഭിനവരാഷ്ട്രീയക്കാരേ ഒന്നോർക്കുക! നിങ്ങളുടെയൊക്കെ മതേതരത്വത്തിനു കേരളജനത വിലയിട്ടു കഴിഞ്ഞു. ചന്ദ്രക്കലയ്ക്കും കുരിശിനും മാത്രം മതപരിവേഷം നല്കി, സംരക്ഷണം നല്കുന്ന ഇരട്ടത്താപ്പിനെതിരെ ജനങ്ങളുടെ ബോധം ഉണർന്നു കഴിഞ്ഞു.
സർഗാത്മകതയുടെ അടയാളങ്ങളായി കലാകാരന്മാരുടെ അല്ലെങ്കിൽ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ സമൂഹം വകവെച്ചുകൊടുത്തിരുന്ന കാലമുണ്ടായിരുന്നു ഇവിടെ. അതുകൊണ്ടാണ് ഇവിടെ നിർമ്മാല്യമെന്ന സിനിമയുണ്ടായത്. എന്നാൽ ആ സ്വാതന്ത്ര്യത്തിനുമേൽ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ദുർവ്യാഖ്യാനവും ഇരവാദമുണ്ടായപ്പോൾ പ്രതിഷേധങ്ങളും പ്രതികരണങ്ങളുമുണ്ടായി തുടങ്ങി.അതിനെ മുതലെടുക്കാൻ രാഷ്ടീയമാമകൾ അരങ്ങത്തു വന്നപ്പോൾ അരാജകത്വം ഉണ്ടായി. ഉത്തരവാദിത്തബോധമുള്ള പൗരന്മാരായി സമൂഹത്തിൽ ഇടപെടലുകൾ നടത്തി സമൂഹത്തെ സംസ്കരിക്കലാവണം ഓരോ സാഹിത്യകാരന്റെയും ധർമ്മമെന്നു ഹരീഷ് ഇനിയെങ്കിലും മനസ്സിലാക്കട്ടെ.
Post Your Comments