Latest NewsArticle

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിനേറ്റ ശക്തമായ താക്കീത്: മതനിന്ദ പുരോഗമനമായി ആഘോഷിക്കുന്നവരോട് സ്നേഹപൂര്‍വ്വം: അഞ്ജു പാര്‍വതി പ്രഭീഷ്

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിനേറ്റ ശക്തമായ താക്കീത്: മതനിന്ദ പുരോഗമനമായി ആഘോഷിക്കുന്നവരോട് സ്നേഹപൂര്‍വ്വം: അഞ്ജു പാര്‍വതി പ്രഭീഷ്

ശ്രീ ഹരീഷിന്റെ മീശയെന്ന നോവലിന്റെ പിൻവലിക്കൽ വല്ലാതെ പൊളളിച്ചത് കലക്കവെളളത്തിൽ മീൻ പിടിക്കാൻ വലയും വീശി കരയിൽ കാത്തിരുന്ന ലിബറൽ പുരോഗമന ബുദ്ധിജീവി സൈദ്ധാന്തികരെയായിരുന്നു.അതു കൊണ്ടുതന്നെ അവർക്കിത് സാഹിത്യലോകത്തിന്റെ ഇരുണ്ട കാലമായും സാംസ്കാരിക കേരളത്തിനേറ്റ കരണത്തടിയുമൊക്കെയായി തോന്നിയതിൽ അത്ഭുതപ്പെടാനില്ല. ഈ പിൻവലിക്കലിനു പിന്നിലെ മൊത്ത കച്ചവടക്കാരായി ഹിന്ദു സംഘടനകളെയും വിശ്വാസികളെയും മാത്രം കാണുന്നവർ അറിയേണ്ട ചില യാഥാർത്ഥ്യങ്ങളുണ്ട്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഈ നോവലിനെ കുറിച്ച് ആദ്യം വെടി പൊട്ടിച്ചത് ഹിന്ദുസംഘടനകളോ അവരുടെ മാധ്യമങ്ങളോ ആയിരുന്നില്ല, മറിച്ച് നാരദാ ന്യൂസ് ആയിരുന്നു. മാത്രവുമല്ല ആ നോവലിലെ വിവാദമായ ഭാഗങ്ങളെ വിശ്വവിഖ്യാതകൃതിയുടെ ഭാഗങ്ങളായി അവരോധിക്കുകയും പുകഴ്ത്തൽ ടാക്റ്റിക്കുമായി വിവാദഹേതുവാക്കി മാറ്റിയതും ഇതേ പുരോഗമനാശയക്കാരാണെന്നതും പ്രസക്തം.

ചമത്കാരമുള്ള ഗദ്യപദ്യങ്ങള്‍ രചിക്കുന്നവരാണല്ലോ‍ സാഹിത്യകാരന്മാരെന്ന വിശേഷണത്തിനർഹർ.മലയാള സാഹിത്യ തറവാടിന്റെ മുറ്റത്ത്‌ പടര്‍ന്നു പന്തലിച്ചു തണല്‍ വിരിച്ചു നിന്ന പല വടവൃക്ഷങ്ങളും കാലപ്രവാഹത്തില്‍ നിലംപതിച്ചുവെങ്കിലും ആ മഹാവൃഷങ്ങള്‍ നമുക്കായി വച്ചുനീട്ടിയ ഫലങ്ങള്‍ അഥവാ അവരുടെ രചനകള്‍ ഇന്നും കാലാനുവര്‍ത്തിയായി നിലക്കൊള്ളുന്നുണ്ട്. മാത്രവുമല്ല അവയുടെ തണലില്‍ വളര്‍ന്നുവന്ന ചില ചെറുമരങ്ങളെങ്കിലും പൂര്‍വികരുടെ പൈതൃകത്തെ എഴുത്തിലൂടെ നിലനിറുത്തി പോരുന്നുമുണ്ട്. എന്നിരുന്നാലും ഇത്തിള്‍ക്കണ്ണികള്‍ എന്ന സംജ്ഞ നിലനിറുത്തി പോരാന്‍ ഉതകുന്ന സാഹിത്യകാരന്മാരും സാഹിത്യകാരികളുമാണ് ഇന്ന് ഈ തറവാട്ടുമുറ്റത്ത് ഏറിയപങ്കും.

ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ സ്വയം ബുദ്ധിജീവി ചമയുന്ന ഒരു വിഭാഗം നമുക്കിടയില്‍ തന്നെയുണ്ട്‌.സെലക്ടീവ് വ്രണപ്പെടുത്തൽ ഒരു തുടർച്ചയാണ്.”ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം “എന്ന പുസ്തകത്തിൽ ഇ എം എസിൽ തുടങ്ങി ഇന്ന് ഹരീഷിന്റെ മീശയിൽ എത്തിനിൽക്കുന്ന ആ ആവിഷ്കാര സ്വാതന്ത്ര്യ ദാഹം ഇന്നേവരെ അവരുടെ ഭാവനയിൽ പോലും സെമറ്റിക് മത ചിഹ്നങ്ങളോ അവരുടെ ചില വിരുദ്ധമായ സാമൂഹിക വ്യവസ്ഥയോ തങ്ങളുടെ തൂലികത്തുമ്പിലൂടെ പരാമർശിക്കാൻ എന്ത്കൊണ്ട് ധൈര്യപ്പെടുന്നില്ല. ? ഒരു പ്രത്യാക്രമണ ശൈലി സനാതന ധർമത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന കട്ട ഉറപ്പിലാണ് കുരീപ്പുഴയും രാമനുണ്ണിയും,ശാരദക്കുട്ടിയും ഹരിഷുമെല്ലാം സെലെക്ടിവ് ആയി ഹൈന്ദവ വിശ്വാസങ്ങളെ മാത്രം വിലകുറഞ്ഞ നിലവാരത്തിൽ വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്.

മതത്തേക്കാളേറെ സ്ത്രീവിരുദ്ധതയുളള വരികളാണ് മീശയെന്ന നോവലിലെ പ്രസിദ്ധീകരിച്ച ഭാഗങ്ങളിൽ കണ്ടത്. സെലക്ടീവ് പ്രീണനവും സെലക്ടീവ് വ്രണപ്പെടുത്തലും സെലക്ടീവ് പ്രതിഷേധ- പ്രതികരണങ്ങളും വിസിബിലിറ്റിയുടെ അനന്തസാധ്യതകളും ഇന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകതയായതു കൊണ്ടാണ് ഈ വിഷയത്തിനു ഇത്രമേൽ വിവാദം കൈവന്നത്.രാഷ്ട്രീയ മുതലെടുപ്പിന്റെ അനന്തസാദ്ധ്യത മുന്നിൽ കണ്ട പുരോഗമന ലിബറൽ ചിന്താഗതിക്കാർ എരിതീയിൽ എണ്ണയൊഴിച്ചുക്കൊണ്ട് മീശയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചു. സ്ത്രീസമത്വവും വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവുമെല്ലാം വ്യക്തമായ ഹിഡൻ അജണ്ടയ്ക്കു പിന്നിൽ അണിനിരക്കുമ്പോൾ ഈ കൊച്ചുകേരളത്തിലുണ്ടാവുന്നത് സാമൂഹിക അരാജകത്വം മാത്രമാണ്.

പ്രവാചക നിന്ദ എന്നുപറഞ്ഞ് മാതൃഭൂമിക്കെതിരെയും ലേഖകനെതിരേയും ആയുധമെടുത്തവർക്കു നേരെ വിരൽ ചൂണ്ടാൻ മടിച്ചവരുണ്ടിവിടെ.ജോസഫ് മാഷിന്റെ കൈവെട്ടിയവർക്കെതിരെയും വൻ പ്രതിഷേധകൊടുങ്കാറ്റുയർത്താൻ ആളുണ്ടായില്ല. പവിത്രൻ തീക്കുനി പർദ്ദയെന്ന കവിത പിൻവലിച്ചപ്പോഴും ആർക്കും നൊന്തില്ല. അനുഭവത്തിന്റെ വെളിച്ചത്തിലാണ് വിശ്വവിഖ്യാതമായ പല നോവലുകളും പ്രശസ്തരായ സാഹിത്യകാരന്മാർ രചിച്ചത്. തകഴിയെയും എം.ടിയെയുമൊക്കെ ഹൃദയത്തിനുളളിലേക്കാവാഹിച്ച് അവരെ വായിച്ചത് അതിൽ ജീവിതമുള്ളതുകൊണ്ടായിരുന്നു.

ഇതൊരു പാഠമാണ്. ആവിഷ്വകാര സ്വാതന്ത്ര്യത്തിന്റെ മറവിൽ വ്യക്തമായ മതവിരുദ്ധത ലാക്കാക്കി വരയും അക്ഷരവും തൊടുത്തുവിടുന്ന ഒളിയമ്പുകാർക്ക് അതേ നാണയത്തിൽ തിരിച്ചു കിട്ടിയ പ്രതിഷേധ ബ്രഹ്മാസ്ത്രത്തിന്റെ മറുപടിയാണ് ഈ പിൻവലിക്കൽ. പുരോഗമനാശയത്തിന്റെ പേരിലും കലയുടെ പേരിലും ഒരു മതവിഭാഗത്തെയും അവരുടെ വിശ്വാസങ്ങളെയും മാത്രം ലാക്കാക്കി വേണ്ടാതീനം എഴുതുന്നവർക്ക് കാലം കാത്തുവച്ചിരുന്ന മനോഹരമായ തിരിച്ചടിയാണ് ഈ പിൻവലിക്കൽ..ഇത് ഒരുപാട് പേർക്കുള്ള ശക്തമായ താക്കീതും.ഇവിടെ തുടങ്ങട്ടെ വ്രണപ്പെടുത്താത്ത എഴുത്തുകളുടെ അക്ഷരപ്പൂക്കാലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button